പാലാ ഉപതെരഞ്ഞെടുപ്പ്:വോട്ടെടുപ്പ് സെപ്റ്റംബര്‍ 23ന്, ബുധനാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം

vote

ന്യൂഡല്‍ഹി: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം 23ന് നടത്തും. വോട്ടെണ്ണല്‍ 27നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് ബുധനാഴ്ച മുതല്‍ അടുത്ത മാസം 4 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു മാസം പോലും ഉപതെരഞ്ഞെടുപ്പിനില്ല എന്നത് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

അതേസമയം, ഒഴിഞ്ഞു കിടക്കുന്ന കോന്നി, അടൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനകളില്ല. ഈ തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നവംബര്‍ മാസത്തില്‍ അഞ്ച് ഉപതെരഞ്ഞെടുപ്പുകളും കൂടി നടക്കാന്‍ സാധ്യതയുണ്ട്.

ആഗസ്റ്റ് 28ന് പാലായിലെയും കൂടാതെ, നാല് സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കുന്നതാണ്. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിനാണ് നടക്കുക. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ സാധിക്കും.

Top