പാലാരിവട്ടം പാലം അഴിമതി; വിശദമായ അന്വേഷണം വേണമെന്ന് ചെന്നിത്തല

ramesh chennithala

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ മുന്‍ മന്ത്രിമാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് പാലം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ്.

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിലുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ പണി തുടങ്ങുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

Top