പാറ്റൂര്‍: ഉന്നതരുടെ പങ്ക് ഇന്നറിയാം ; മുന്‍കൂര്‍ ജാമ്യവുമായി ഭരത് ഭൂഷണ്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കുംഭകോണകേസില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് ലേകായുക്ത പരിഗണിക്കുന്നതോടെ ഇരുവരുടെയും പങ്ക് വ്യക്തമാകും. ഇത് മുന്‍കൂട്ടികണ്ടാണ് കഴിഞ്ഞ ഏതാനും ദിവസമായി പാറ്റൂരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ എല്ലാം ചെയ്തതെന്ന് മുന്‍ ചീഫ് സെക്രട്ടറിയായ ഇ.കെ ഭരത് ഭൂഷണ്‍ ആവര്‍ത്തിക്കുന്നത്. ഇദ്ദേഹം മാത്രമല്ല, സത്യസന്ധയെന്ന് പേരെടുത്തിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ ഉള്‍പ്പെടെ ഒമ്പതോളം ഉന്നത ഉദ്യോഗസ്ഥരും കേസില്‍ കുടുങ്ങുന്ന നിലയാണ്.

തിരുവനന്തപുരം പാറ്റൂരില്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 16 സെന്റ് ഭൂമി കൈയോറി ഫ്‌ളാറ്റ് നിര്‍മിച്ചതാണ് കേസ്. വാട്ടര്‍ അതോറിറ്റിയുടെ സീവേജ് കടന്നുപോകുന്ന പുറമ്പോക്ക് ഭുമിയാണ് ആവൃതി മാളിനായി ആര്‍ടെക്ട് റിയല്‍ടേഴ്‌സ് കൈയേറിയത്. ഈ കൈയേറ്റം വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ലോകായുക്തയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസില്‍ വിജിലന്‍സ് എഡിജിപി ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പിച്ചത്. ഇതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഭരത് ഭൂഷന്റെയും പേരുണ്ടെന്നാണ് വിവരം.

എന്നാല്‍ തനിക്കിതില്‍ പങ്കില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നുമാണ് ഭരത് ഭൂഷണ്‍ ഇപ്പോള്‍ പറയുന്നത്. ഇത് കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നാണ് ആക്ഷേപം. ഭൂമി കൈയേറ്റം വ്യക്തമാണെന്നും നിര്‍മാണപ്രവര്‍ത്തനം അധികൃതമാണെന്നും കര്‍ശന നടപടി ശുപാര്‍ശചെയ്തും 2013 ജൂണ്‍ 15നാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂമി കൈയേറ്റത്തിന് കേസ് ഫയല്‍ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആ ഫയല്‍ പൂഴ്ത്തുകയായിരുന്നു. ഇതുവരെ ഈ സംഭവത്തില്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടില്ല. അതിനാല്‍ ഇന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തുറക്കുന്നതോടെ എല്ലാ കാര്യങ്ങളും വെളിപ്പെടുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.

Top