പാര്‍ട്ടി വിരുദ്ധന്‍ വി.എസ്‌ നാളെ ഇറങ്ങും; പറഞ്ഞതെല്ലാം വിഴുങ്ങിക്കളഞ്ഞ്‌ സിപിഎം

തിരുവനന്തപുരം: ഭരണ പക്ഷത്തിന് മാത്രമല്ല സിപിഎമ്മിന്റെയും നിലനില്‍പ്പിന് നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ അരുവിക്കര പിടിച്ചെടുക്കാന്‍ വി.എസിനെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതമായ സിപിഎം നേതൃത്വം നേരിടുന്നത് സങ്കീര്‍ണമായ സാഹചര്യത്തെ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആസാധാരണമായ സംഭവ വികാസങ്ങളാണ് സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.

വി.എസ് അച്യുതാനന്ദന്റെ തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി സെക്രട്ടറിയേറ്റ് തന്നെ പരസ്യമായി പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയുള്ളവനെന്നും യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും രക്ഷകനെന്നും ആക്ഷേപിച്ച വി.എസ് അച്യുതാനന്ദനെ, അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണ ചുമതല ഏല്‍പ്പിക്കേണ്ടി വന്ന ഗതികേട് പൊതു സമൂഹത്തില്‍ നിന്നുള്ള ഒരുപാട് ചോദ്യങ്ങള്‍ സിപിഎം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടാന്‍വരെ സാഹചര്യമുണ്ടായിരുന്ന അവസ്ഥയാണ് വി.എസ് ഇപ്പോള്‍ തല്‍ക്കാലം മറികടന്നിരിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതെ സമ്മേളന നഗരിയില്‍ നിന്ന് ഇറങ്ങിപ്പോയതിന് വി.എസിനോട് പകരം വീട്ടിയ സിപിഎം സംസ്ഥാന നേതൃത്വമാണ് ഇപ്പോള്‍ ഇതുമൂലം വെട്ടിലായിരിക്കുന്നത്.

വി.എസ് വിരുദ്ധ പ്രമേയത്തിന്റെ കോപ്പികള്‍ മണ്ഡലമാകെ വിതരണം ചെയ്ത് സിപിഎം അനുഭാവികളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബിജെപിയുടെ നീക്കമാണ് സിപിഎമ്മിനും ഇടത് മുന്നണിക്കും അരുവിക്കരയില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പുറത്താക്കുമെന്നും സംഘടനാ നടപടിക്ക് വിധേയമാക്കുമെന്നുമുള്ള പ്രചാരണമാണ് ബിജെപിയും യുഡിഎഫും മണ്ഡലത്തില്‍ അഴിച്ച് വിടുന്നത്.

വി.എസ് അച്യുതാനന്ദന്‍, പ്രകാശ് കാരാട്ടിനും കോടിയേരിക്കും പിണറായിക്കുമെതിരെ അടുത്തയിടെ നടത്തിയ ആരോപണങ്ങള്‍ കൂടി പി.ബി കമ്മീഷന് വിട്ട സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ആയുധമാക്കിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വത്തെ ബിജെപിയും കോണ്‍ഗ്രസും പ്രഹരിക്കുന്നത്.

വി.എസിനെ പൊതു രാഷ്ട്രീയത്തില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളും പാര്‍ട്ടിയിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രവര്‍ത്തകരും അനുഭാവികളും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പ് വരുത്തിയില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസിനെ വെട്ടി നിരത്തുമെന്നാണ് സിപിഎമ്മിനെതിരായ പ്രധാന പ്രചാരണം.

പാര്‍ട്ടി വിരുദ്ധനെന്ന് പരസ്യമായി ആരോപിച്ച വി.എസിനെ പിന്നെ എന്തിന് വേണ്ടിയാണ് കെട്ടിയെഴുന്നള്ളിച്ച് വോട്ട് ചോദിക്കുന്നതെന്ന ചോദ്യത്തിനും സിപിഎം നേതൃത്വത്തിന് യുക്തിസഹമായ മറുപടി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ‘റോളെടുത്ത്’ ഭരണപക്ഷ വിരുദ്ധ വികാരവും സിപിഎം അണികളുടെയും അനുഭാവികളുടെയും ആശയക്കുഴപ്പവും പരമാവധി മുതലെടുക്കാന്‍ ബിജെപി സര്‍വ്വശക്തിയുമെടുത്ത് രംഗത്തിറങ്ങിയതാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്.

രാജഗോപാല്‍ വന്നില്ലായിരുന്നുവെങ്കില്‍ വി.എസിനെ ഇറക്കേണ്ട അവസ്ഥപോലും ഉണ്ടാവില്ലായിരുന്നുവെന്ന്‌ മുതിര്‍ന്ന സിപിഎം നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

പിണറായി വിജയന്‍ നേരിട്ട് നിയന്ത്രിക്കുന്ന ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് തുടക്കത്തില്‍ വി.എസിനെ ഒഴിവാക്കി നിര്‍ത്തിയതും ‘പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ’ പരിഗണിച്ച് തന്നെയായിരുന്നു.

മണ്ഡലം നിലനിര്‍ത്താന്‍ സര്‍വ്വ സന്നാഹവുമായി യുഡിഎഫ് രംഗത്തിറങ്ങിയതും ബിജെപി അപ്രതീക്ഷിതമായി രാജഗോപാലിനെ രംഗത്തിറക്കിയതും പി.സി ജോര്‍ജ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്ത് വന്നതും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

ഇതോടെയാണ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ തന്നെ പിണറായിയോടും കോടിയേരിയോടും ആശയവിനിമയം നടത്തി അനുമതി വാങ്ങിയ ശേഷം വി.എസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ക്ഷണിച്ചതെന്നാണ്‌ അറിയുന്നത്.

വി.എസ് പ്രചാരണ രംഗത്ത് ഇറങ്ങുമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും അവിടെ എന്താണ് വി.എസ് പ്രസംഗിക്കുക? ഒടുവില്‍ കലാശ പോരാട്ടമാകുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കും? എന്ന കാര്യങ്ങളിലും സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്.

ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മുഖ്യധാരയില്‍ പിടിച്ച് നില്‍ക്കാനും വി.എസിന്റെ ജനസ്വാധീനം ഇടത് മുന്നണിക്ക് അനുഗ്രഹമാണെങ്കിലും നെയ്യാറ്റിന്‍കരയില്‍ ഒടുവില്‍ ‘കലം ഉടച്ച’പോലെ അരുവിക്കരയിലും വി.എസ് ചതിക്കുമോയെന്ന ഭയവും സിപിഎം നേതാക്കള്‍ക്കിടയിലുണ്ട്.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ വീട് വി.എസ് സന്ദര്‍ശിച്ചതാണ് നെയ്യാറ്റിന്‍കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പ്രധാന കാരണമെന്നാണ് സിപിഎം ഇപ്പോഴും വിലയിരുത്തുന്നത്.

ഇതിന് സമാനമായ രൂപത്തില്‍ കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തെ കുറിച്ച് പ്രതികരിച്ച് പാര്‍ട്ടിയെ വി.എസ് അരുവിക്കരയില്‍ വെട്ടിലാക്കുമോയെന്ന ആശങ്കയും നേതൃത്വത്തില്‍ ശക്തമാണ്.

ബോംബ് സ്‌ഫോടനം, ആക്രമണമായി ചിത്രീകരിക്കുന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് വി.എസ് പ്രതികരിച്ചിരുന്നത്. ഈ ‘പഠിക്കല്‍’ പാര്‍ട്ടിയെ പാഠം പഠിപ്പിക്കലാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

വി.എസിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് അരുവിക്കരയില്‍ ഇപ്പോള്‍ സിപിഎമ്മിന് നേരെ തിരിഞ്ഞ് കുത്തുന്നത്.

വിജയത്തില്‍ കുറഞ്ഞതൊന്നും സ്വപ്നം കാണാന്‍ പറ്റാത്ത അരുവിക്കരയില്‍ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയാലും ബിജെപി മുന്നേറ്റം നടത്തിയാലും സിപിഎം രാഷ്ട്രീയത്തില്‍ അത് വലിയ പൊട്ടിത്തെറിക്ക് കരണമാകും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആവരുതെന്ന് ആഗ്രഹിക്കുന്ന വി.എസ് ആത്മാര്‍ത്ഥമായി അരുവിക്കരയിലിറങ്ങുമോ എന്ന കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്.

പി.ബി കമ്മീഷന്റെ ‘വാള്‍ ‘ തലയ്ക്ക്മീതെ തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ അരുവിക്കരയില്‍ ഇടത് മുന്നണി അട്ടിമറി വിജയം നേടിയാല്‍ അത് സംഘടനാ സംവിധാനത്തിന്റെ ക്രഡിറ്റായി മാത്രമെ നേതൃത്വം വിലയിരുത്തുകയൊള്ളുവെന്നും, വി.എസിന് എതിരായ നടപടിയില്‍ പിന്നോട്ട് പോകില്ലെന്നുമുള്ള ഉത്തമവിശ്വാസം പാര്‍ട്ടി സംഘടനാ രീതി കൃത്യമായി അറിയുന്ന വി.എസിന് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പി.ബി കമ്മീഷന്റെ ഘടനയില്‍ മാറ്റം വരുത്താത്തതും പ്രകാശ് കാരാട്ട് തന്നെ കമ്മീഷന് നേതൃത്വം കെടുക്കുന്നതുമാണ് ഉദാഹരണം സഹിതം കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇനി ജനവിധി ഇടത് മുന്നണിക്ക് പ്രതികൂലമായാല്‍ അത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മൂലമാണെന്ന് പറഞ്ഞ് ആഞ്ഞടിച്ച് രംഗത്ത് വരാനും പാര്‍ട്ടിക്ക് അകത്തെ ശാക്തികചേരിയില്‍ മാറ്റമുണ്ടാക്കാനും വി.എസിന് കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Top