പാര്‍ട്ടി വിരുദ്ധനില്‍ നിന്ന് വി.എസ്‌ സമുന്നത നേതാവിലേക്ക്; വില അളന്നത് അരുവിക്കര

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വില അളക്കാനുള്ള വേദികൂടിയായി. പാര്‍ട്ടി വിരുദ്ധന്‍ എന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രമേയം പാസാക്കി നാണംകെടുത്തിയ വി.എസിനെ സമുന്നതനായ സഖാവെന്നു വിശേഷിപ്പിച്ചാണ് പിണറായി വിജയന്‍പോലും നിലപാടു മാറ്റിയത്.

അരുവിക്കരയില്‍ പ്രചരണത്തിന്റെ ആരംഭത്തില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുപോലും ക്ഷണിക്കാതിരുന്ന വി.എസിനെ ജനവികാരം മാനിച്ച് പിന്നീട് സിപിഎം പ്രചാരണത്തിന് നേതൃത്വം ഏല്‍പ്പിക്കുകയായിരുന്നു. സിനിമാ സീരിയല്‍ താരങ്ങളെപ്പോലും അപ്രസക്തമാക്കിയ സ്വീകാര്യതയാണ് വി.എസിന് അരുവിക്കരയില്‍ ലഭിച്ചത്.

സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് പാര്‍ട്ടിവിരുദ്ധന്‍ എന്ന പ്രമേയം പാസാക്കി പാര്‍ട്ടിയില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാന്‍ കരുനീക്കിയവര്‍ക്കുള്ള തിരിച്ചടികൂടിയാണ് അരുവിക്കരയില്‍ വി.എസ് നല്‍കിയത്.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ‘പാര്‍ട്ടിവിരുദ്ധന്‍’ പ്രമേയം നീക്കികിട്ടാന്‍ വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ പരാതി നല്‍കിയെങ്കിലും കേന്ദ്ര കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

സിപിഎം സ്ഥാപക അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന സമുന്നത നേതാവായ വി.എസിനെ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയില്‍പോലും എടുക്കാതെയാണ് പാര്‍ട്ടി തഴഞ്ഞത്.

എന്നാല്‍, അരുവിക്കരയില്‍ ഒടുവില്‍ വി.എസിന്റെ കാലു പിടിക്കേണ്ടി വന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട സമര തീഷ്ണമായ രാഷ്ട്രീയ ജീവിതമാണ് വി.എസിനുള്ളത്. 1964 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി.എസ്.

2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പിന്‍തുണയോടെയാണ് വി.എസ് മത്സരിച്ച് മുഖ്യമന്ത്രിയായത്.

2011ലും വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന കടുത്ത നിലപാടാണ് സംസ്ഥാന നേതൃത്വം എടുത്തത്. അന്ന് എകെജി സെന്ററിലേക്ക് വരെ മാര്‍ച്ച് നടത്തിയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തെകൊണ്ട് തീരുമാനം തിരുത്തിച്ചത്. വി.എസ് നയിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം നാല് സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്.

വി.എസിനെ ചന്ദനം ചുമക്കുന്ന കഴുതയായും ബക്കറ്റിലെ വെള്ളമായെല്ലാം ഉപമിച്ച നേതാക്കളെ തള്ളിയാണ് ജനങ്ങള്‍ ഇപ്പോഴും വി.എസിനു പിന്നില്‍ ആവേശത്തോടെ അണിനിരക്കുന്നത്.

Top