പാര്‍ട്ടിക്കകത്തും രാജി ആവശ്യം;കേരള കോണ്‍ഗ്രസില്‍ മാണി പ്രതാപം അസ്തമിക്കുന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനകത്ത് കെഎം മാണിയുടെ ഏകാധിപത്യം അവസാനിക്കുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി ഉന്നതാധികാരസമിതയില്‍ മാണിയുടെ രാജി ആവശ്യം ഉയര്‍ന്നത് ഇതിന്റെ പ്രകടമായ തെളിവാണ്. മാണിയെ ഞെട്ടിച്ച് ടി.എസ് ജോണാണ് അദ്ദേഹം രാജിവയ്ക്കുന്നതാണ് നല്ലതെന്ന് പ്രഖ്യാപിച്ചത്. യുഡിഎഫ് ഘടകകക്ഷികള്‍ മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുമ്പോഴാണ് സ്വന്തം ക്യാമ്പില്‍നിന്ന് രാജി ആവശ്യം ഉയര്‍ന്നത്.

കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കണമെന്നായിരുന്നു ടി.എസ് ജോണ്‍ തുറന്നടിച്ചത്. ഇപ്പോഴും രാജിവയ്ക്കാനുള്ള സമയം അധികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പി.ജെ ജോസഫ് ഒഴികെ മറ്റാരും ടി.എസ് ജോണിനെ എതിര്‍ത്തില്ല. ജോസഫിന്റെ പ്രതിരോധമാകട്ടെ നേര്‍ത്തതുമായി. കേരള കോണ്‍ഗ്രസില്‍ മാണി പ്രതാപം അവസാനിക്കുന്നതിന്റെ തെളിവാണിതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

കേരള കോണ്‍ഗ്രസിന്റെ എക്കാലത്തേയും അവസാനവാക്കായിരുന്നു മാണി. പാര്‍ട്ടി പിളര്‍ന്നപ്പോഴും ഒന്നിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. പി.ജെ ജോസഫ് അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വിനീതവല്‍സരരായി നിന്നു. എന്നാല്‍ പ്രായാധിക്യവും തന്റെ സ്ഥാനത്ത് മകന്‍ ജോസ് കെ മാണിയെ അവരോധിക്കാനുമുള്ള ശ്രമവും പല നേതാക്കളെയും മാണിയില്‍ നിന്നകറ്റി. കഴിഞ്ഞ ദിവസം ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞത് ഈ അമര്‍ഷത്തിന്റെ ഭാഗമായിരുന്നു. ബാര്‍ കോഴ ആരോപണം പാര്‍ട്ടിക്കകത്തും പലരും മാണിക്കെതിരായ ആയുധമാക്കുകയാണ്. ഇതില്‍ മാണിക്ക് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Top