പാമോലിന്‍ കേസ് : വിചാരണ നടന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകും

തിരുവനന്തപുരം: ഹൈക്കോടതി വിധിയോടെ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയായേക്കും.  വിചാരണയ്ക്കിടെ തെളിവുണ്ടെങ്കില്‍ ഏതൊരാളെയും പ്രതിചേര്‍ക്കാമെന്ന നിയമമാണ് ഉമ്മന്‍ചാണ്ടിയെ കുടുക്കുക. ടി.എച്ച് മുസ്തഫ ഉള്‍പ്പെടെയുള്ള  പ്രതികളുടെ മൊഴികളും ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമാകും വിചാരണയ്ക്കിടെ പ്രധാന തെളിവായി വരിക.
പാമോലിന്‍ ഇടപാട് നടക്കുമ്പോള്‍   ധമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ഫയലില്‍ ഒപ്പിട്ട് മന്ത്രിസഭയില്‍ വച്ചത്. ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് കീഴുദ്യോഗസ്ഥര്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ അതൊന്നും വകവച്ചില്ല.  പ്രതികളായിരുന്ന ടി എച്ച് മുസ്തഫയും  സഖറിയാമാത്യുവും വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്.  ധാര്‍മികമായ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്ന് സഖറിയാ മാത്യു പറഞ്ഞപ്പോള്‍  താന്‍ കുറ്റക്കാരനാണെങ്കില്‍  ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാന്നൊണ് ടി എച്ച് മുസ്തഫ പറഞ്ഞത്.

ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ജഡ്ജി പി കെ ഹനീഫയും പറഞ്ഞിരുന്നു.  ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന്  പ്രോസിക്യൂഷന്‍ വിജിലന്‍സിന് നിയമോപദേശവും നല്‍കിയിരുന്നു. ഇതെല്ലാം വിചാരണയ്ക്കിടെ കോടതി പരിശോധിക്കും. അങ്ങനെ വരുമ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിയായാല്‍ അത്ഭുതപ്പെടേണ്ട.
താന്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് നിയമോപദേശം കിട്ടിയിരുന്നു. ഇതിനാലാണ് വിചാരണ തന്നെ ഒഴിവാക്കുന്നതിന് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസില്‍ വിചാരണ തുടരണമെന്ന ഹൈക്കോടതിയുടെ വിധി അദ്ദേഹത്തിന് തിരിച്ചടിയാണ്.

Top