പാബ്ലോ നെരുദയുടെ മരണം കൊലപാതകമാണെന്ന് ചിലി സര്‍ക്കാര്‍

സാന്റിയാഗോ: ലോക പ്രശസ്ത കവി പാബ്ലോ നെരുദയുടെ മരണം കൊലപാതകമാണെന്ന് ചിലി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തയാറാക്കിയ രേഖകളുടെ പകര്‍പ്പാണ് പുറത്തു വന്നത്.

സ്‌പെയിനിലെ എല്‍ പാരിസ് പത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്. പക്ഷേ കൊലപാതകം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നെരൂദയുടെ മരണ കാരണം അര്‍ബുദമാണെന്നായിരുന്നു ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിരുന്നത്.

നെരൂദയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നെരൂദയുടെ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതിന്റെ ഭാഗമായി 2013 ഏപ്രില്‍ എട്ടിന് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു.

1973 ല്‍ സാന്റ് മരിയ ആശുപത്രിയില്‍ വച്ചാണ് 69-ാം വയസില്‍ നെരൂദ മരണമടഞ്ഞത്. മണ്‍മറഞ്ഞ പ്രിയ കവിയുടെ മരണത്തെ കുറിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന സംശയങ്ങളാണ് ചിലിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

Top