പാക് സൈനികര്‍ക്ക് പരിശീലനം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചൈന

ബീജിംഗ്: ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് സൈനികരെ ചൈനീസ് സേന പരിശീലിപ്പിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൈന. വസ്തുതക്ക് നിരക്കാത്ത വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലീ പറഞ്ഞു. പതിവ് പത്രസമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു ലീ. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ വക്താവ് തയ്യാറായില്ല. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രജൗറി സെക്ടറില്‍ പാക്കിസ്ഥാനി സൈനികരെ ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ പരിശീലിപ്പിക്കുന്നുവെന്ന് ബി എസ് എഫ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അത് ഗൗരവത്തോടെ കാണുമെന്ന് മാത്രമാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടുള്ളത്. പാക്കിസ്ഥാന് ആയുധം കയറ്റി അയക്കുന്ന ഏറ്റവും പ്രധാന രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ചൈനീസ് സൈനികര്‍ പാക്കിസ്ഥാന് ആയുധ പരിശീലനം നല്‍കുന്നുവെന്നത് അസാധാരണമായ കാര്യമല്ല. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ രജൗറിയില്‍ ഇത്തരം പരിശീലനം നടക്കുന്നുവെന്നത് ഏറെ ഗൗരവതരമാണെന്ന് ഇന്ത്യ വിലയിരുത്തുന്നു.

Top