പാക്കിസ്ഥാന്‍ ഇന്ത്യയെ നശിപ്പിക്കുന്നു, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഐ.എസ്.ഐ.എസ് ഭീകര ഗ്രൂപ്പില്‍ ചേരാന്‍ പോയ യുവാവ് അറസ്റ്റിലായതിന്റെ പിറ്റേദിവസം തന്നെ, രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലെ തീവ്രവാദികള്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയിലെ യുവാക്കളെ ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അതിന് അനുവദിക്കരുതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകള്‍ക്കെതിരെ മുന്‍കരുതലെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി മാരും ഐ.ജി.പിമാരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിക്ക് പുറത്ത് ഡി.ജിമാരുടെ യോഗം ഇതാദ്യമായിട്ടാണ് നടന്നത്. സി.ബി.ഐ ചീഫ് രഞ്ജിത് സിന്‍ഹയും യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയെ രാജ്യാന്തര തീവ്രവാദം വേട്ടയാടുകയാണ്. ഇറാക്കിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കും. കല്യാണില്‍ നിന്നുള്ള 24കാരനായ അരീബ് മജീദ് സിറിയയിലെ ഭീകരഗ്രൂപ്പില്‍ ചേര്‍ന്ന കാര്യം ഉദാഹരണമാക്കിക്കൊണ്ട്, ഇതുപോലെ നിരവധി യുവാക്കള്‍ ഐ.എസ്.ഐ.എസ് ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. ഇന്ത്യയില്‍ ശാഖയുണ്ടാക്കാനുള്ള ആല്‍ഖ്വയ്ദയുടെ ശ്രമം നിസാരമായി കാണില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അല്‍ഖ്വയ്ദയുടെ ഭീഷണിയെ നിസാരമായി കാണില്ല, പകരം വെല്ലുവിളിയായാണ് ഇന്ത്യ എടുക്കുന്നതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

Top