പാകിസ്ഥാനില്‍ നിന്നുള്ള ബോളിവുഡ് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യ പൗരത്വം നല്‍കുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പാടാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ ശിവസേനയുടെ നടപടി നാണക്കേടുണ്ടാക്കിയതിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ബോളിവുഡ് ഗായകന്‍ അദ്‌നാന്‍ സാമിക്ക് എന്‍ഡിഎ സര്‍ക്കാര്‍ പൗരത്വം നല്‍കുന്നു.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ചായിരിക്കും അദ്‌നാന്‍ സാമിക്ക് പൗരത്വം നല്‍കുന്നത്.

ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, ലോകസമാധാനം, മനുഷ്യപുരോഗതി തുടങ്ങിയ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ സമഗ്രസംഭാവന നല്‍കിയിട്ടുള്ള ആളുകള്‍ പൗരത്വ അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് ‘സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷനിലൂടെ’ പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. കലയില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സാമിക്ക് ഇന്ത്യ പൗരത്വം നല്‍കുന്നത്.

2001 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന അദ്‌നാന്‍ സാമിയുടെ വിസാ കാലാവധി പൂര്‍ത്തിയായിട്ടും ആഭ്യന്തരമന്ത്രാലയം ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. അദ്‌നാന്‍ സാമിയുടെ പാകിസ്താനി പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചു എന്ന മാനുഷിക പരിഗണന നല്‍കിയാണ് സാമിയെ ഇന്ത്യ തുടരാന്‍ അനുവദിച്ചത്.

പിന്നീട് നിരവധി തവണ തന്റെ പൗരത്വത്തിനായി സാമി അപേക്ഷ നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ട് കണ്ട് അപേക്ഷ പരിഗണിക്കണമെന്നും സാമി ആവശ്യപ്പെട്ടിരുന്നു.

നിരവധി ബോളിവുഡ് സിനിമകളില്‍ പാടിയിട്ടുള്ള അദ്‌നാന്‍ സാമി ഏറ്റവും ഒടുവിലായി പാടിയത് സല്‍മാന്‍ഖാന്‍ ചിത്രം ഭജ്‌രംഗി ഭായ്ജാനിലാണ്.

Top