ചെന്നിത്തലയുമായി മുസ്ലീം ലീഗ് അടുക്കുന്നു; നെഞ്ചിടിപ്പോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലീഗ് ബന്ധം കോണ്‍ഗ്രസിന് ദോഷമെന്ന പഴയ കുത്തുവാക്കുകള്‍ മറന്ന് മുസ്ലീം ലീഗ് രമേശ് ചെന്നിത്തലയുമായി അടുക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പുതിയ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന ലീഗിന്റെ ആവശ്യം കെ.പി.സി.സി നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തള്ളിയതോടെയാണ് ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച ചെന്നിത്തലയുമായി ലീഗ് നേതൃത്വം അടുക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടക്കുന്ന ചര്‍ച്ചയില്‍ ലീഗിന്റെ ആവശ്യത്തെ ചെന്നിത്തല പിന്തുണക്കുമെന്നാണ് അറിയുന്നത്. പുതിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ അനുവദിക്കുന്നില്ലെങ്കില്‍ രണ്ടു ഘട്ടമായി നടത്തണമെന്ന സമ്മര്‍ദ്ദമാണ് ലീഗ് ചെലുത്തുന്നത്.

പുതിയ വിഭജനപ്രകാരം നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും തെരഞ്ഞെടുപ്പ് ഒകിടോബറിലും 2010 ലെ പഞ്ചായത്ത് വിഭജനമനുസരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബറിലും എന്ന ആവശ്യമാണ് ലീഗ് ഉയര്‍ത്തുന്നത്.

ഇടതുപക്ഷത്തിന് മുതലെടുക്കാന്‍ അവസരം നല്‍കാതെ ഒക്ടോബറില്‍ ഒരു ഘട്ടമായി തന്നെ തെരഞ്ഞെടുപ്പ് നടത്തുക എന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുള്ളത്.

എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ നേതൃമാറ്റം വഴി മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടാണ് പാര്‍ട്ടി നിലപാടുപോലും തള്ളി ചെന്നിത്തല ലീഗിനെ തുണക്കുന്നത്.

2013ല്‍ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെ കോഴിക്കോട് ഡി.സി.സി ഓഫീസില്‍ നടന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍നായരുടെ അനുസ്മരണത്തിലാണ് ലീഗിനെതിരെ ആഞ്ഞടിച്ചത്.

മുസ്ലിം ലീഗ് ബന്ധം ഭാവിയില്‍ ദോഷം ചെയ്യുമെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ സി.കെ. ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവമെന്നായിരുന്നു അന്ന് ചെന്നിത്തല പറഞ്ഞത്.

വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്മണരേഖ വരച്ച് മാറ്റിനിര്‍ത്തണമെന്നാണ് സി.കെ.ജി പറഞ്ഞത്. അതിന് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദും കെ.മുരളീധരനും പ്രസംഗം ശരിവെക്കുകയും ചെയ്തു.

ചെന്നിത്തല ഇപ്പോഴാണ് സി.കെ.ജിയുടെ യഥാര്‍ത്ഥ അനുയായിയായതെന്ന് ആര്യാടന്‍ പറഞ്ഞു. ചെന്നിത്തലയുടെ പ്രസംഗത്തിനെതിരെ ലീഗ് നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.

ആഭ്യന്തരമന്ത്രിയാകാന്‍ ചെന്നിത്തല ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന് തുരങ്കംവെക്കാനാണ് ലീഗ് ശ്രമിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ചെന്നിത്തല ലീഗുമായി അടുക്കുന്നത്.

തന്റെ ബദ്ധശത്രുവായ വിവാദ വ്യവസായിയെ സഹായിച്ച ഐ.ജിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തതും ഉദ്യോഗക്കയറ്റം നല്‍കിയതും ക്രൈം ബ്രാഞ്ചില്‍ നിയമനം നല്‍കിയതും മന്ത്രി കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചിരുന്നു.

ചെന്നിത്തലയുമായി കുഞ്ഞാലിക്കുട്ടിക്കുള്ള നീരസവും ഇതേചൊല്ലിയാണെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടി പരിഹാരമുണ്ടായാല്‍ ചെന്നിത്തലയുടെ മുന്നിലുള്ള തടസങ്ങള്‍ നീങ്ങുമെന്നാണ് സൂചന.

ചാരക്കേസ് വിവാദം ഉയര്‍ത്തി കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാന്‍ നിര്‍ണായകമായത് ലീഗിന്റെ നിലപാടായിരുന്നു. അന്ന് കരുണാകരനെ കൈവിട്ട് ലീഗ് എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ ലീഗ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടാല്‍ സാമുദായിക സമവാക്യം പറഞ്ഞ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാമെന്ന കണക്കുകൂട്ടലാണുള്ളത്.

Top