പരാഗ്വെയുടെ വലനിറച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍

സാന്റിയാഗോ: പരാഗ്വെയുടെ വലനിറച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍. ഒന്നിനെതിരെ ആറുഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന ഫൈനലേക്ക് കത്തിക്കയറിയത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി.

മികച്ച കളികെട്ടഴിച്ചതിനൊപ്പം സ്‌കോറിംഗിലെ വേഗതകൂടിയായപ്പോള്‍ മെസ്സിപ്പടയ്ക്ക് മുന്നില്‍ പരാഗ്വെ നിഷ്പ്രഭരായി. അര്‍ജന്‍ന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. മാര്‍ക്കോസ് റോജോ, ജാവിയര്‍ പസ്റ്റോറെ,അഗ്യൂറോ, ഹിഗ്വെയ്ന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഗോള്‍ നേടിയില്ലെങ്കിലും മൂന്നോളം ഗോളുകള്‍ക്ക് വഴിയൊരുക്കി സൂപ്പര്‍താരം മെസ്സി കളം നിറഞ്ഞു.

ലുകാസ് ബാറിയോസിന്റെ വകയായിരുന്നു പരാഗ്വേയുടെ ആശ്വാസഗോള്‍. ഗ്രൂപ്പ് തലത്തില്‍ പരാഗ്വെയോട് സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീന ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു കളിച്ചത്. കളിയുടെ 15-ാം മിനിറ്റില്‍തന്നെ അര്‍ന്റീന എതിരാളികളുടെ വലകുലുക്കി. സൂപ്പര്‍താരം മെസ്സിയെടുത്ത കിക്ക് മാര്‍ക്കോസ് റോജോ കൃത്യമായി പരാഗ്വെയുടെ വലയിലെത്തിച്ചു. അവിടുന്നങ്ങോട്ട് അര്‍ജന്റീനയും അവരുടെ സൂപ്പര്‍ നായകന്‍ മെസ്സിയും മാത്രമായിരുന്നു ചിത്രത്തില്‍.

27-ാം മിനിറ്റില്‍ മെസ്സി വീണ്ടും പരാഗ്വെയ്ക്ക് വെറുക്കപ്പെട്ടവനായി. ഇത്തവണ മെസ്സി നല്‍കിയ പാസ്സ് ലക്ഷ്യത്തിലെത്തിക്കാനുളള നിയോഗം ജാവിയര്‍ പസ്റ്റോറെയ്ക്കായിരുന്നു. എന്നാല്‍ 43-ാം മിനിറ്റില്‍ പരാഗ്വെയ്ക്ക് തെല്ലൊരാശ്വാസം നല്‍കി ലൂക്കോസ് ബാരിയോസ് ഒരുഗോള്‍ മടക്കി.

അധികനേരം ആഹ്ലാദിക്കനുളള അവസരം അവര്‍ക്ക് നല്‍കില്ലെന്നുറപ്പിച്ച പോലെയായിരുന്നു പിന്നീട് അര്‍ജന്റീനയുടെ നീക്കം. ഈ നീക്കങ്ങള്‍ക്ക് നിറം പകര്‍ന്നതാകട്ടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡി മരിയയും. 47-ാം മിനിറ്റില്‍ ജാവിയര്‍ പസ്റ്റോറെ നല്‍കിയ പാസ്സ് ഡി മരിയ ക്ഷണനേരം കൊണ്ട് പരാഗ്വെയുടെ വലയിലെത്തിച്ചു. ആറുമിനിറ്റിനുളളില്‍ ഡി മരിയ വീണ്ടും ആഞ്ഞടിച്ചു.

പരാഗ്വെ ഗോള്‍മുഖത്ത് മിന്നല്‍ നീക്കങ്ങള്‍ നടത്തിയ ക്യാപ്റ്റന്‍ മെസ്സിയില്‍ നിന്ന് ലഭിച്ച പന്ത് ഡി മരിയ അര്‍ജന്റീനയുടെ നാലാമത്തെ ഗോളാക്കിമാറ്റി. അതോടെ, ഇനി ജയിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഉറപ്പിച്ച് ലക്ഷ്യം നഷ്ടപ്പെട്ടവരെപ്പോലെ മൈതാനത്ത് അലയുകയായിരുന്നു പരാഗ്വെതാരങ്ങള്‍.

പിന്നീടങ്ങോട്ട് എല്ലാം അര്‍ജന്റീനയ്ക്ക് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. 80-ാം മിനിറ്റില്‍ അഗ്യൂറോയും 83-ാം മിനിറ്റില്‍ ഹിഗ്വെയ്‌നും ഗോള്‍ നേടിയതോടെ ആറില്‍ ആറാടി അര്‍ജന്റീന ഫൈനലിലേക്ക് പ്രവേശിച്ചു. ആറാം ഗോളിനും വഴിയൊരുക്കിയത് നായകന്‍ മെസ്സിതന്നെയായിരുന്നു.

കോപ്പ അമേരിക്കയിലെ 15-ാം കിരീടം നേടാനുളള അവസരമാണ് അര്‍ജന്റീനയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. 27-ാം തവണയാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ കലാശക്കൊട്ടിന് യോഗ്യത നേടുന്നത്. അര്‍ജന്റീനയും നായകന്‍ മെസ്സിയും ഇതേ ഫോം തുടര്‍ന്നാല്‍ ഞായറാഴ്ച്ച ഫുട്‌ബോള്‍പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മത്സരം പിറക്കുമെന്നുറപ്പ്.

Top