പപ്പു യാദവിന് തിരിച്ചടി; മകന്‍ തന്നെയാകും പിന്‍ഗാമിയെന്ന് ലാലു പ്രസാദ് യാദവ്

സാസാറാം: തന്റെ മകന്‍ തന്നെയാകും പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയെന്ന് വീണ്ടും വ്യക്തമാക്കി ആര്‍ജെഡി പ്രസിഡന്റും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ്.

മകനാണ് തന്റെ പിന്‍ഗാമിയാവുകയെന്ന ലാലുവിന്റെ പാര്‍ട്ടി ദേശീയ കൗണ്‍സിലിലെ പ്രസ്താവനക്കെതിരെ പാര്‍ട്ടി എം.പി കൂടിയായ പപ്പു യാദവ് (രാജേഷ് രഞ്ജന്‍) രംഗത്തത്തെിയ സാഹചര്യത്തിലാണ് ലാലു വീണ്ടും നിലപാട് വ്യക്തമാക്കിയത്.

മകനല്ലാതെ മറ്റാരാണ് തന്റെ പിന്‍ഗാമിയാവുകയെന്ന് റോഹ്താസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് ചോദിച്ചു. പിന്‍ഗാമിയാകാന്‍ പപ്പു യാദവ് തന്റെ മകനാണോ, മറ്റാരുടെയെങ്കിലും ഭൂമിയില്‍ നിങ്ങള്‍ക്ക് അവകാശമുന്നയിക്കാനാവുമോ, മകനു മാത്രമാണ് സ്വാഭാവികമായും പിന്തുടര്‍ച്ച അവകാശപ്പെടാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലല്ല എകാധിപത്യത്തിലാണ് അത്തരത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കാനാവുകയെന്നും ആര്‍ജെഡി അത്തരം ഒരേകാധിപത്യ പാര്‍ട്ടിയല്ലെന്ന് ലാലു മനസ്സിലാക്കണമെന്നും പപ്പു യാദവ് കഴിഞ്ഞദിവസം ഒരു പൊതുയോഗത്തില്‍ സംസാരിച്ചിരുന്നു.

ജനതാദള്‍ യു വുമായി ലയിക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുള്ള പപ്പുവിനെ അടുത്തിടെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ലാലു മൂന്നാംനിരയിലെ കസേരയിലേക്ക് ഒതുക്കിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Top