പന്നിപ്പനി ഭീതി ഹസ്തദാനം വേണ്ട, നമസ്‌തേ മതി

ചണ്ഡിഗഡ്: പന്നിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ വിദേശ രീതിയായ ‘ഹസ്തദാനം’ ഒഴിവാക്കി പരമ്പരാഗതമായി നാം പിന്തുടര്‍ന്നു പോരുന്ന ‘നമസ്‌തേ’ ശീലമാക്കണമെന്നു ഹരിയാന്‍ ആരോഗ്യമന്ത്രി അനില്‍ വിജ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം. ഹസ്തദാനം നല്‍കുന്നത് വിദേശീയരുടെ ശീലമാണ്. ഇത് പല അസുഖങ്ങളും പകരുന്നതിന് കാരണമാകും. ഭൗതിക സ്പര്‍ശനങ്ങള്‍ ഒഴിവാക്കി ‘നമസ്‌തേ’, ‘അല്ലാഹു അക്ബര്‍’, ‘ദൈവം വലിയവനാണ്’ എന്നിവയിലേതെങ്കിലും കൂപ്പുകൈകളോടെ പറയണമെന്നും അനില്‍ വിജ്. ഇതിനു പുറമെ ഹസ്തദാനം ഒഴിവാക്കാന്‍ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ അസംബ്ലിയില്‍ പന്നിപ്പനി പടരുന്നതു ചര്‍ച്ചാവിഷയമായപ്പോഴാണു മന്ത്രിയുടെ പ്രസ്താവന. പന്നിപ്പനി പകരുന്ന രോഗമാണ്. രാജ്യത്ത് ഇതിനോടകം 1500 പേര്‍ പന്നിപ്പനി ബാധിച്ചു മരിച്ചു. 26,000 പേര്‍ രോഗബാധിതരായി. ഹരിയാനയില്‍ 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതില്‍ 27 പേര്‍ മരിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.
പന്നിപ്പനിക്ക് കാരണം എന്തെന്ന് അടുത്തിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കണ്ടെത്തിയിരുന്നു. കൊതുകാണ് ഇത് പരത്തുന്നതെന്നാണ് മമത കഴിഞ്ഞ മാസം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്.

Top