പത്മഭൂഷണ്‍ പട്ടികയില്‍ നിന്ന് മോഹന്‍ലാല്‍ തെറിച്ചത് ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പട്ടികയില്‍ നിന്ന് മോഹന്‍ലാല്‍ പുറത്തായത് ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് സൂചന. ലാലിന്റെ വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐബി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടാണ് അവസാന നിമിഷം മോഹന്‍ലാലിന്റെ പത്മഭൂഷണ്‍ സാധ്യത തകര്‍ത്തത്.

അമിതാഭ് ബച്ചന്റെ കൂടെ പത്മഭൂഷണ്‍ ലഭിക്കേണ്ടിയിരുന്ന മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ വഴി മുടക്കിയതും മലയാളി തന്നെയാണ്.

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയായ വി.കെ വെങ്കിടാചലം രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ പ്രൊഫൈല്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.

സൈന്യം കേണല്‍ പദവി നല്‍കി ബ്രാന്‍ഡ് അംബാസിഡറാക്കിയ വ്യക്തിയെ സംബന്ധിച്ച് സാധാരണ ഗതിയില്‍ ശുപാര്‍ശ പട്ടികയില്‍പ്പെട്ട മറ്റുള്ളവരുടെ വിശദാംശം പരിശോധിക്കുന്നതു പോലെ ആഴത്തിലുള്ള പരിശോധന നടത്തുന്നത് അസാധാരണമാണ്.

രേഖാ മൂലം ലഭിച്ച പരാതി ആയതിനാല്‍ ആരോപണം സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഐബിക്ക് നിര്‍ദേശം നല്‍കിയത്. നേരത്തെ പത്മശ്രീ ലഭിച്ചിട്ടുള്ള മോഹന്‍ലാലിന് കേരളത്തിന്റെ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ പത്മഭൂഷണ്‍ ലഭിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. ഇതിനായി ഡല്‍ഹി കേന്ദ്രീകരിച്ച് ചില ചരടുവലികള്‍ നടന്നതായും പറയപ്പെടുന്നു.

മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് വി.കെ വെങ്കിടാചലം പരാതി നല്‍കിയിരുന്നത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ലാല്‍ കടുത്ത നിയമലംഘനമാണ് കാട്ടിയതെന്നും, കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുവാദം ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ വെങ്കിടാചലം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാല്‍ അന്നത്തെ വനംമന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാര്‍ ഇടപെട്ട് തുടരന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വ്യക്തമായ എല്ലാ രേഖകളോടും കൂടിയാണ് തനിക്ക് ആനക്കൊമ്പുകള്‍ സമ്മാനം കിട്ടിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. എന്നാല്‍ ആനയെയോ ആനക്കൊമ്പോ സമ്മാനമായി കൊടുക്കാന്‍ പറ്റില്ലെന്നാണ് നിയമമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ എം.എന്‍ ജയചന്ദ്രനടക്കമുള്ളവര്‍ വ്യക്തമാക്കിയത് ലാലിന്റെ വാദത്തിന്റെ മുനയൊടിച്ചിരുന്നു.

വിവാദ സ്വാമിമാര്‍ അടക്കമുള്ളവര്‍ക്ക് പത്മപുരസ്‌കാരം നല്‍കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്ത പുറത്തായത് കേന്ദ്രത്തിന്റെ കര്‍ക്കശ ‘സ്‌ക്രൂട്ടിനി’ക്കാണ് വഴി തുറന്നിരുന്നത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ശുപാര്‍ശാ ലിസ്റ്റ് പരിശോധനയില്‍ വെട്ടിനിരത്തലിന് വിധേയമായിരുന്നു. ഒരു തരത്തിലുള്ള ഇടപെടലും പത്മ പുരസ്‌കാരത്തിന്റെ കാര്യത്തില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

Top