പത്ത് ദിവസത്തെ വിദേശ പര്യടനത്തിനുശേഷം നരേന്ദ്ര മോഡി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: പത്തു ദിവസത്തെ വിദേശസന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചെത്തി. മ്യാന്മറില്‍ ആസിയാന്‍ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്താണ് സന്ദര്‍ശനം ആരംഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ മോദി വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി20 ഉച്ചകോടിയില്‍ കള്ളപ്പണവിഷയം ഉന്നയിച്ച മോദി വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിക്കാന്‍ ആഗോളസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ആണവസുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ കരാര്‍ ഒപ്പുവെച്ചു. സുപ്രധാനമായ അഞ്ച് കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയം ലക്ഷ്യമിട്ട് വ്യവസായ പ്രമുഖന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിസ്ബണില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നുമാണ് പ്രധാനമന്ത്രി മോദി ഫിജിയിലെത്തിയത്. ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈന്‍ മിരാമയുമായി കൂടിക്കാഴ്ച നടത്തിയ മോദി 170 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. മൂന്ന് സഹകരണ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

Top