പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 104 മയക്കുമരുന്ന് ഗുളികകള്‍!

ബോഗൊട്ട: പുസ്തകങ്ങളും പേനയുമൊക്കെയായി പഠിച്ചു നടക്കേണ്ട പ്രായത്തില്‍ പതിനൊന്നു വയസുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 104 മയക്കുമരുന്ന് ക്യാപ്‌സൂളുകള്‍. കൊളമ്പ്യയില്‍ മയക്കുമരുന്ന് കടത്തിനുപയോഗിച്ചിരുന്ന പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്നാണ് നൂറിലധികം മയക്കുമരുന്ന് ഗുളികകള്‍ ഓപ്പറേഷന്‍ ചെയ്ത് പുറത്തെടുത്തത്.

പേര് വെളിപ്പെടുത്തപ്പെട്ടില്ലാത്ത പെണ്‍കുട്ടി ഇപ്പോള്‍ പടിഞ്ഞാറന്‍ കൊളമ്പ്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

500-600 ഗ്രാം മയക്കുമരുന്ന് വരെ യൂറോപ്പിലേക്ക് കടത്താന്‍ ഈ പെണ്‍കുട്ടിയെ ഉപയോഗിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊളമ്പ്യയില്‍ പൊലീസ് പിടികൂടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ മയക്കുമരുന്ന് ഏജന്റാണ് ഈ പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പെണ്‍കുട്ടി രണ്ടാഴ്ച്ചയായി അച്ഛന്റെ കൂടെയായിരുന്നുവെന്ന് അമ്മ പറഞ്ഞു. അച്ഛന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. കൊക്കെയ്ന്‍ കയറ്റുമതിയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് കൊളമ്പ്യ.

Top