പണ്ടോറയുടെ കഥയുമായി അവതാര്‍ വീണ്ടും; ഇത്തവണ എത്തുന്നത് ചിത്രകഥാ രൂപത്തില്‍

ഒറിഗണ്‍:ഹോളിവുഡിനെ പിടിച്ചുലച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ വീണ്ടും വരുന്നു. അവതാര്‍ എന്ന സിനിമയിലെ പണ്ടോറ എന്ന മോഹിപ്പിക്കുന്ന ഭാവനാലോകവും അവിടത്തെ സംഭവവികാസങ്ങളും ചിത്രകഥാരൂപത്തില്‍ ഒരുക്കുകയാണ് സംവിധായകനായ ജെയിംസ് കാമറൂണ്‍.

2009ല്‍ പുറത്തുവന്ന സയന്‍സ് ഫിക്ഷന്‍ ഡാര്‍ക്ക് ഹോര്‍സ് കോമിക്‌സുമായി ചേര്‍ന്നാണ് ചിത്രകഥാരൂപത്തിലൊരുക്കുന്നത്. പംക്തിയില്‍ അവതാര്‍ സിനിമയില്‍ നിന്നുള്ള സംഭവങ്ങള്‍ കൂടാതെ പണ്ടോറയിലെ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കാമറൂണ്‍ പറഞ്ഞു.

പണ്ടോറയുടെ സൗന്ദര്യത്തിന്റെ മാസ്മരികതയില്‍നിന്ന് ഇനിയും മുക്തരായിട്ടില്ലാത്തവര്ക്ക് വേണ്ടിയുള്ളതായിരിക്കും ചിത്രകഥയെന്ന് ഡാര്‍ക്ക് ഹോര്‍സ് പ്രസിഡന്റ് മൈക്ക് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

2009 ഡിസംബര്‍ 19ന് റിലീസ് ചെയ്ത 3ഡി സയന്‍സ്ഫിക്ഷന്‍ ചലച്ചിത്രമാണ് അവതാര്‍. വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുക്കിയ അവതാര്‍ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.

മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

Top