പട്ടേല്‍ സമുദായ പ്രക്ഷോഭം: റിവേഴ്‌സ് ദണ്ഡി മാര്‍ച്ച് നടത്തുമെന്ന് ഹാര്‍ദിക് പട്ടേല്‍

സൂറത്ത്: ഗുജറാത്തില്‍ ഒ.ബി.സി സംവരണ ആവശ്യം ഉന്നയിച്ചുള്ള പട്ടേല്‍ പ്രക്ഷോഭം രണ്ടാംഘട്ട സമരപരിപാടികളിലേക്ക് കടക്കുന്നു. 1930ല്‍ മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സബര്‍മതിയില്‍ നിന്നും ദണ്ഡിയിലേക്ക് നടന്ന അക്രമരഹിതമായ യാത്രയ്ക്ക് സമാനമായി ‘റിവേഴ്‌സ്’ ദണ്ഡിയാത്ര സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം തീരുമാനിച്ചു.

ദണ്ഡി യാത്രയ്ക്ക് ഗാന്ധിജി തിരഞ്ഞെടുത്ത അതേ പാതയില്‍ എതിര്‍ ദിശയിലേക്കായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. ദണ്ഡിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് അഹമ്മദാബാദില്‍ അവസാനിക്കുമെന്ന്പതിദര്‍ അനാമത് ആന്ദോളന്‍ സമിതി(പാസ്) കോര്‍ കമ്മിറ്റി അംഗം ദിനേശ് പട്ടേല്‍ പറഞ്ഞു. ഈ മാസം അഞ്ചിനോ ആറിനോ ആയിരിക്കും മാര്‍ച്ചെന്നും ദിനേശ് സൂചിപ്പിച്ചു.

അതേസമയം, രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഹാര്‍ദ്ദിക്കും ദിനേശും പ്രാദേശിക പട്ടേല്‍ സമുദായ നേതാക്കളമായും വിദ്യാര്‍ത്ഥി സംഘടനകളുമായും ബിസിനസുകാരുമായും ചൊവ്വാഴ്ച മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി. പട്ടേല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലജ്‌പോര്‍ ജയില്‍ പാര്‍പ്പിച്ചിരിക്കുന്ന നാല്‍പതോളം പ്രവര്‍ത്തകരെ ഹാര്‍ദ്ദിക് ചൊവ്വാഴ്ച സന്ദര്‍ശിച്ചു. പൊലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ പരിക്കേറ്റ് ചികിത്സയിലുളള സ്ത്രീയെയും ഹാര്‍ദ്ദിക് സദര്‍ശിക്കുകയുണ്ടായി.

Top