പട്ടേല്‍ അനുസ്മരണം വന്‍ ആഘോഷമാക്കി; ഇന്ദിരയെ ഗൗനിച്ചില്ല: വിവാദം പടരുന്നു

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 140ാം ജന്മദിനം കേന്ദ്രസര്‍ക്കാര്‍ ആഘോഷമാക്കി. എന്നാല്‍, മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 31-ാം രക്തസാക്ഷിദിനം വേണ്ടത്ര പരിഗണിച്ചില്ല.

പട്ടേല്‍ ജന്മദിനം ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ അതിന്റെ ഭാഗമായി രാജ്പഥില്‍ സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. പട്ടേലിനെ ഏറെ പ്രകീര്‍ത്തിച്ച മോഡി പക്ഷേ, ഇന്ദിരയെ ഒറ്റവാക്കില്‍ ഒതുക്കി. രാജ്യത്തിന് ജീവന്‍ ബലി നല്‍കിയ ഇന്ദിരയെ മറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ അദ്ദേഹം പിന്നീട് പറഞ്ഞതത്രയും പട്ടേലിനെക്കുറിച്ചാണ്.

മാത്രമല്ല, കുടുംബത്തെ അധികാര പിന്‍ഗാമിയായി വാഴിക്കാന്‍ ശ്രമിക്കാത്ത ആളായിരുന്നു പട്ടേലെന്ന് പറഞ്ഞ മോഡി കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ആര്‍.എസ്.എസിനെ നിരോധിച്ച് പട്ടേല്‍ ഇറക്കിയ ഉത്തരവ് വായിക്കണമെന്ന് മോഡിയെ ഉപദേശിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

കൂട്ടയോട്ടത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത പ്രധാനമന്ത്രി ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞു. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വികസനത്തില്‍ പുതിയ ഉയരം താണ്ടാനുള്ള മന്ത്രം ശാന്തിയും സഹവര്‍ത്തിത്വവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പങ്കെടുത്തു. പാര്‍ലമെന്റിലും പട്ടേല്‍ ചൗക്കിലെ പട്ടേല്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ മോഡി ഇന്ദിരാ സമാധിയില്‍ പോയില്ല.

പട്ടേലിനെ അനുസ്മരിച്ച് കേന്ദ്ര സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യവും ചെയ്തിരുന്നു. ഇന്ദിരയുടെ പേരില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി. ഇന്ദിരയെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രിയുടെ തരംതാണ മനസ്സാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

ആര്‍.എസ്.എസിനെ നിരോധിച്ച് പട്ടേല്‍ പുറത്തിറക്കിയ ഉത്തരവ് വായിച്ചാല്‍ മോഡി ഇപ്പോള്‍ ഓടുന്നതിന്റെ എതിര്‍ദിശയിലേക്ക് ഓടേണ്ടി വരും. ഐക്യത്തിന് ഓടുകയല്ല, പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയും പ്രതിഷേധം കാണാത്ത പ്രധാനമന്ത്രിയാണ് ഐക്യത്തിന് കൂട്ടയോട്ടം നടത്തുന്നത്.

നെഹ്‌റുവിനും ആസാദിനുമൊപ്പം രാഷ്ട്രം കെട്ടിപ്പടുത്ത കോണ്‍ഗ്രസ് നേതാവാണ് പട്ടേല്‍. പട്ടേലിെന്റ പൈതൃകം ഏറ്റെടുക്കുന്നത് ആര്‍.എസ്.എസിന് സ്വന്തമായി രാഷ്ട്ര നായകര്‍ ഇല്ലാത്തതിനാലാണെന്നും ശര്‍മ കുറ്റപ്പെടുത്തി.

Top