പടനായര്‍ക്കു മുന്നില്‍ മാപ്പ് പറഞ്ഞ് ലീഗിന്റെ ‘ചന്ദ്രിക’

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കണക്കിന് കളിയാക്കിയ ലേഖനത്തിന് മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഒടുവില്‍ നാണംകെട്ട് മാപ്പുപറഞ്ഞു. മുന്‍ മുസ്ലീം ലീഗ് മന്ത്രിയും ചന്ദ്രിക പ്രിന്റര്‍ ആന്റ് പബ്ലിഷറുമായ പി.കെ.കെ ബാവയും ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പയുമാണ് ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരെ കണ്ട് മാപ്പ് പറഞ്ഞത്.

എന്‍എസ്എസിന്റെ അഭിഭാഷകനായ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തിലായിരുന്നു മാപ്പ്പറച്ചില്‍. ഇതോടെ എന്‍എസ്എസ് ചന്ദ്രികക്കെതിരായ കേസ് പിന്‍വലിക്കുകയായിരുന്നു. 29ലെ ചന്ദ്രിക ദിനപത്രത്തിലെ ഒന്നാം പേജില്‍ തന്നെ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചു.

അടിക്കടി സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കിയാണ് 2013 ജൂണ്‍ രണ്ടിന് ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രതി/ഛായ എന്ന കോളത്തില്‍ ‘പുതിയ പടനായര്‍’ എന്ന തലക്കെട്ടില്‍ ലേഖനം നല്‍കിയത്. ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് അടക്കമുള്ളവര്‍ ലേഖനത്തെ പരോക്ഷമായി പിന്‍തുണക്കുകയും ചെയ്തു. എന്നാല്‍ ഇത് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ തടിയൂരുകയായിരുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അടിക്കടി വിമര്‍ശിക്കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നാണം കെടുത്തുകയും ചെയ്തിരുന്ന സുകുമാരന്‍ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നായന്‍മാരുടെ അട്ടിപ്പേറവകാശം എന്‍എസ്എസിനും സുകുമരന്‍ നായര്‍ക്കും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഞ്ഞടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പിന്‍തുണയാണ് ഈ പ്രതികരണത്തില്‍ പിണറായിക്ക് ലഭിച്ചത്. എന്നാല്‍ ഇതില്‍ സുകുമാരന്‍ നായര്‍ മാനനഷ്ടത്തിനു കേസ് കൊടുത്തിരുന്നില്ല.

മന്നം സമാധി സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ സന്ദര്‍ശിച്ചിരുന്നില്ല. പിണറായിയും സുധീരനും സുകുമാരന്‍ നായര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ ലീഗ് നേതൃത്വം അദ്ദേഹത്തിനു മുന്നില്‍ മാപ്പ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു. അഞ്ചാം മന്ത്രി വിവാദത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തിലും പലപ്പോഴും സുകുമാരന്‍ നായര്‍ ലീഗിനെ കടന്നാക്രമിച്ചിരുന്നു. കേസ് നടത്താതെ എന്‍എസ്എസ് ആസ്ഥാനത്തുപോയി മാപ്പ് പറഞ്ഞ് കീഴടങ്ങിയതിനെതിരെ ലീഗ് നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Top