പഞ്ചായത്ത് വിഭജനം അംഗീകരിച്ചില്ലെങ്കില്‍ ലീഗ് വെട്ടിലാകും; കോണ്‍ഗ്രസ് മൗനത്തില്‍

മലപ്പുറം: പുതിയ പഞ്ചായത്തുകളുടെ രൂപവല്‍ക്കരണം റദ്ദാക്കിയ ഹൈക്കോടതി വിധി വെട്ടിലാക്കുന്നത് മുസ്ലീം ലീഗിനെ. അനുകൂലമായ പഞ്ചായത്ത് മുനിസിപ്പാലിറ്റി വിഭജനത്തോടെ തങ്ങളുടെ കോട്ടകള്‍ ഭദ്രാക്കിയ ലീഗിന് 2010-ലെ വാര്‍ഡ് വിഭജനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പല കോട്ടകളും നഷ്ടമാകും.

തദ്ദേശ തെരഞ്ഞെടുപ്പിനെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുമ്പോഴും ലീഗ് ശക്തമായി രംഗത്തെത്തുന്നത് ഈ ഭീതി കണക്കിലെടുത്താണ്.

ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് 12 പുതിയ പഞ്ചായത്തുകളാണ് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ പഞ്ചായത്തുകള്‍ വരുന്നതും മലപ്പുറത്താണ്.

പാങ്, അന്താവൂര്‍, അരക്കുപറമ്പ്, അരിയല്ലൂര്‍, മരുത, എളങ്കൂര്‍, കരിപ്പൂര്‍, വാണിയമ്പലം, ചെമ്പ്രശേരി, വെളിമുക്ക്, കൂട്ടായി, കുറുമ്പലങ്ങോട് എന്നീ പഞ്ചായത്തുകളാണ് മലപ്പുറത്ത് പുതുതായി ഉണ്ടായത്. ഇതിനു പുറമെ അഞ്ചു പുതിയ നഗരസഭകള്‍കൂടി സൃഷ്ടിച്ചു. പരപ്പനങ്ങാടി, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവയാണ് പുതിയ നഗരസഭകള്‍. പുതിയ പഞ്ചായത്തുകളും നഗരസഭകളും മുസ്ലീം ലീഗിനു ജയിക്കാവുന്ന വിധത്തിലാണ് വിഭജിച്ചിരിക്കുന്നത്.

എന്നാല്‍ 2010ലെ പഴയ വിഭജനം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായ പല പഞ്ചായത്തുകളും നഗരസഭകളും നഷ്ടമാകും. ഇതു തിരിച്ചറിഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ അപ്പീല്‍ പോകാനും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പ് തന്നെ നീട്ടിവെക്കാനും ലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

കഴിഞ്ഞ തവണ 70 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തമാക്കിയ യു.ഡി.എഫിന് പക്ഷേ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനോട് താല്‍പര്യമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്തിയാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മെനയുന്നത്.

സി.പി.എമ്മിന് സമരം നടത്താന്‍ അവസരം ഒരുക്കാതെ പറഞ്ഞ സമയത്തുതന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ 13 ജില്ലകളിലും എല്‍.ഡി.എഫാണ് വിജയിച്ചത്. ഈ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിട്ടും ഇ.കെ നായനാര്‍ രാജിവെച്ച് ഭരണതുടര്‍ച്ച പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു ഭരണം ലഭിച്ചത്.

Top