പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കണം:അമിത്ഷാ

കണ്ണൂര്‍: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം.

ഒരു വാര്‍ഡുപോലും ഒഴിവാക്കരുത്. ബൂത്ത്കമ്മിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും മത്സരിക്കണം. സ്ഥാനാര്‍ത്ഥിയ കണ്ടെത്തി നിര്‍ത്തേണ്ടത് ബിജെപിയാണ്. ബാക്കിയെല്ലാം ആര്‍.എസ്.എസ് നടത്തുമെന്നും അമിത് ഷാ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.

പാര്‍ട്ടി കമ്മിറ്റി ഇല്ലാത്ത വാര്‍ഡുകളാണെങ്കിലും സ്ഥാനാര്‍ത്ഥിയായാല്‍ സ്വാഭാവികമായും സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാക്കുമെന്നും അതു പിന്നീട് പാര്‍ട്ടി കമ്മിറ്റിയായി മാറ്റാമെന്നുമാണ് പ്രതീക്ഷ. ഇതിനാണ് എല്ലാ വാര്‍ഡുകളിലും മത്സരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കണ്ണൂരിലേതുപോലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ പാര്‍ട്ടിഗ്രാമങ്ങള്‍ ആയാലും മത്സരിക്കാതെ മാറിനില്‍ക്കരുത് എന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. അവിടേയും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി പത്രിക നല്‍കിയിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മത്സരിക്കുന്നതോ പ്രചാരണം നടത്തുന്നതോ ആരെങ്കിലും തടുകയാണെങ്കില്‍ ‘ഏതുവിധേനയും’ കേന്ദ്രനേതൃത്വം ഇടപെടുമെന്നാണ് അമിത് ഷായുടെ ഉറപ്പ്. അത് കണക്കിലെടുത്ത് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ അമിതാവേശം കാണിക്കുകയാണെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമാകാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top