പഞ്ചാബ് സംഘര്‍ഷം; പിന്നില്‍ ഐഎസ്‌ഐ ആണെന്ന് പോലീസ്

ന്യൂഡല്‍ഹി: സിക്ക് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതുമായി പഞ്ചാബില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ആണെന്ന് പൊലീസിന്റെ നിഗമനം.

പഞ്ചാബില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഐ.എസ്.ഐ ശ്രമിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം രഹസ്യാന്വേഷണ എജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ സംഘര്‍ഷം ഉടലെടുത്തത്.

അമൃത്‌സറിലെ രഹസ്യന്വേഷണ ഏജന്‍സികളാണ് ജില്ലാ പൊലീസ് ഓഫീസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഭീഷണിയുള്ളതിനാല്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഏജന്‍സികള്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. സിക്കുകാരുടെ രീതിയില്‍ പെരുമാറാന്‍ മികച്ച പരിശീലനം ലഭിച്ച തീവ്രവാദികളെ ഉപയോഗിച്ചാവും സംഘര്‍ഷത്തിന് ശ്രമിക്കുകയെന്നും ഒക്ടോബര്‍ ഒന്നിന് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള പതിനഞ്ച് മുതല്‍ 20വരെ തീവ്രവാദികളാണ് കടന്നുകയറാന്‍ സാദ്ധ്യതയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും ജമാത് ഉദ് ദവ തലവനുമായ ഹഫീസ് സയീദിന്റെ മേല്‍നോട്ടത്തിലാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയത്. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ തലവന്‍ രഞ്ജീത് സിംഗായിരുന്നു മുഖ്യപരിശീലകന്‍.

എന്നാല്‍, രഹസ്യാന്വേഷണ ഏജന്‍സികളുടെ ഈ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു എന്നാണ് പഞ്ചാബിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഫരീദ്‌കോട്ടില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.

Top