പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ദിനനഗറില്‍ ഭീകരാക്രമണം. 13 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പഞ്ചാബില്‍ പോലീസ് സ്റ്റേഷനിലും ബസിലുമാണ് ഭീകരാക്രമണം ഉണ്ടായത്.

സൈനിക വേഷത്തിലെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ഇവര്‍ ബസ് ആക്രമിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി നിറയൊഴിക്കുകയായിരുന്നു.

പ്രദേശത്ത് തോക്കുധാരികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 15 ഓളം തീവ്രവാദികളാണ് ആക്രമണം നടത്തിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുദാസ്പൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് അഞ്ചു ബോംബുകളും കണ്ടെടുത്തു.

ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. പാക് അനുകൂല ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ സ്ഥലത്തേക്ക് അയച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കേരളം ഉള്‍പ്പെടെയുള്ള തീരദേശ മേഖലകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി.

Top