പഞ്ചാബിന്റെ ഭരണവും ഇനി ആം ആദ്മി പിടിക്കും !

ന്യൂഡല്‍ഹി: അടുത്ത പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ സാധ്യത. ബിജെപി തരംഗം ആഞ്ഞ് വീശിയ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ 4സീറ്റും 30ശതമാനം വോട്ടും നേടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിക്ക് ഇനി ‘ഡല്‍ഹി മുഖ്യമന്ത്രി ‘അരവിന്ദ് കെജ്‌രിവാളിന്റെ ചിറകിലേറി പഞ്ചാബിന്റെ ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

കോണ്‍ഗ്രസിനോടും അകാലിദള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളോടുമുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ് കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഉണ്ടായത്. ഡല്‍ഹിയിലെ മുഴുവന്‍ ലോക്‌സഭാ സീറ്റും തൂത്തുവാരിയ ബിജെപിക്ക് മുന്നില്‍ പകച്ച് നിന്ന ആം ആദ്മി പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാനുള്ള പിടിവള്ളിയായിരുന്നു പഞ്ചാബിലെ മിന്നുന്ന ജയം.

ആകെ 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്. 13 ലോക്‌സഭാ സീറ്റില്‍ നാലെണ്ണം കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് നേടിയിരുന്നു.

ഇപ്പോഴത്തെ ‘ഡല്‍ഹി’ സാഹചര്യം മുന്‍നിര്‍ത്തിയാല്‍ ഭൂരിപക്ഷം സീറ്റും പിടിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡല്‍ഹി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പഞ്ചാബിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

Top