പജേറോ സ്‌പോര്‍ട് ഓട്ടോമാറ്റിക് ഇന്ത്യന്‍ വിപണിയില്‍

പജേറോ സ്‌പോര്‍ട് എ.ടി (ഓട്ടോമാറ്റിക്) പുതിയ മോഡല്‍ മിത്‌സുബിഷി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ടൂവീല്‍ ഡ്രൈവാണ് വാഹനം. 23.55 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. പജേറോയുടെ ഫോര്‍വീല്‍ഡ്രൈവ് വേരിയന്റിനെക്കാള്‍ വിലക്കുറവാണ് ഇതിന്. പുറംമോടിയിലും അകത്തളത്തിലും പ്രകടമായ മാറ്റങ്ങളുണ്ട്.

മുന്നിലെയും പിന്നിലെയും ബമ്പറുകള്‍, മുന്നിലെ ക്രോം ഗ്രില്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പ് തുടങ്ങിയവാണ് രൂപക്പനയിലെ പ്രധാന പുതുമകള്‍. മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ തുടങ്ങിയവ അകത്തളത്തിലെ മാറ്റങ്ങളാണ്.

അഞ്ചുസ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റിയറിങ്ങിന് പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പാഡില്‍ ഷിഫ്‌റ്റേഴ്‌സ് ഉപയോഗിച്ച് നിയന്ത്രിക്കാം. 2.5 ലിറ്റര്‍ വേരിയബിള്‍ ജ്യോമെട്രി ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ മാറ്റമില്ല. 178 പി എസ് പരമാവധി കരുത്തും 350 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. മുന്നില്‍ ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ മള്‍ട്ടിലിങ്ക് സസ്‌പെന്‍ഷനും സ്റ്റെബിലൈസര്‍ ബാറുമാണുള്ളത്. ലിറ്ററിന് 12.8 കിലോമീറ്ററാണ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മൈലേജ്.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യുണ്ടായ് സാന്റാഫെ എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിപണിയിലേക്കാണ് പജേറോ സ്‌പോര്‍ട് എ ടി എത്തിയിട്ടുള്ളത്.

Top