പക്ഷികളുടെ ശവപ്പറമ്പുകള്‍ക്ക് മുകളില്‍ മനുഷ്യന്റെ ജീവിതം; കാക്കകളെവിടെ…?

മനുഷ്യരെ പോലെ തന്നെ പ്രകൃതിയില്‍ ജീവിക്കാന്‍ അവകാശമുള്ള പക്ഷികള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. നമ്മുടെ നിത്യജീവിതത്തിലെ നിത്യ കാഴ്ചകളായ കാക്കകളും കുരുവികളുമടക്കമുള്ള പക്ഷികള്‍ മൊബൈല്‍ ടവര്‍ റേഡിയേഷനുകളിലും മനുഷ്യന്‍ പ്രകൃതിയില്‍ കാണിക്കുന്ന ‘വികൃതി’കളിലും പെട്ട് അപ്രത്യക്ഷമാവുകയാണ്.

ജീവിക്കാനുള്ള അവകാശത്തിനായി കൊടിപിടിക്കാനും പ്രതികരിക്കാനും മനുഷ്യരേപ്പോലെ ഈ പക്ഷികള്‍ക്ക് പറ്റാത്തതിനാല്‍ ഇവര്‍ക്കുവേണ്ടി പ്രതികരിക്കുന്ന പീച്ചി കേരള വനഗവേഷണ കേന്ദത്തിലെ ശാസ്ത്രജ്ഞന്‍ ടി.വി സജീവന്റെ വാക്കുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു…

* മലയാളികളില്‍ നിന്ന് ഏറെ സ്‌നേഹം പിടിച്ചുവാങ്ങിയിട്ടുണ്ട് പക്ഷികള്‍. പറക്കാനാവുന്നതുകൊണ്ട്, ശത്രുക്കളില്‍ നിന്ന് അങ്ങനെ രക്ഷപ്പെടാനാവുമെന്നതുകൊണ്ട് ഒളിച്ചും മറഞ്ഞും പ്രകൃതിയിലെ ധാരാളമായുള്ള നിറങ്ങളില്‍ പ്രതലത്തോട് ചേര്‍ന്ന് തിരിച്ചറിയാന്‍ പറ്റാതിരുന്ന് ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്ന മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നിറങ്ങളുടെ ധാരാളിത്തത്തോടെ ജീവിക്കാന്‍ പക്ഷികള്‍ക്കായി.

ഇണയെ ആകര്‍ഷിക്കാനുള്ള വലിയ മത്സരത്തില്‍പെട്ട് കാക്കത്തമ്പുരാട്ടിയുടേയും മയിലിന്റേയും വാലുകള്‍ അതീവ സൌന്ദര്യത്തോടെ നീണ്ടുവളര്‍ന്ന് പരിണമിച്ചു. മനുഷ്യപാതകളിലൂടെ വിരുന്നുകാരെത്തുമ്പോഴേക്ക് ഒരു നേര്‍രേഖയില്‍ പറന്നെത്തി വിരുന്നറിയിക്കാന്‍ കാക്കകള്‍ക്കായി. എങ്ങോട്ട് പറന്നുപോകുന്നുവെന്നോ എവിടെ നിന്ന് പറന്നുവരുന്നുവെന്നോ അറിയാതിരുന്ന നാളുകളില്‍ അവര്‍ വരുന്നത് പരലോകത്തുനിന്നുമായി, പിതാമഹന്മാരായി.

എങ്ങനെയാണ് നമ്മുടെ കൊച്ചു കേരളത്തില്‍ പക്ഷികള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്? എല്ലാരേയും എല്ലായിടത്തും കാണാനാകുമോ? എത്ര പേരാണ് ഇവിടെ സ്ഥിരതാമസക്കാര്‍? പ്രവാസികളായി എത്ര പേരുണ്ടാവും? ഭൂമിയത്രയും ചെറുതട്ടുകളാക്കി അവിടെ തന്റെ കൊട്ടാരം സ്ഥാപിച്ച് ആ മതിലകത്തിന്റെ രാജാവായി വാഴുന്ന ഓരോ മലയാളിയും കാട്ടിക്കൂട്ടുന്നതിനോടൊക്കെ പക്ഷികള്‍ എങ്ങനെയാണ് പ്രതികരിക്കുന്നുണ്ടാവുക? ഈ ലക്ഷക്കണക്കിലുള്ള രാജാക്കന്മാരെ ഭരിക്കുന്ന ഏത് മുഖ്യമന്ത്രിക്ക് കീഴിലാണ് അവരുടെ ജീവിതം ഏറ്റവും ദുസ്സഹമായത്? അവസാനമായി, കേരളത്തിന്റെ ഭാവിയെക്കുറിച്ച് പറയാന്‍ ഏത് പടമാണ് തത്തമ്മ കൊത്തിയത്?

ഇടം ഇല്ലാതാവുന്ന വിധം

അഞ്ഞൂറിലേറെ ഇനം പക്ഷികളുണ്ട് കേരളത്തില്‍. ഏറെ മഴ ലഭിക്കുന്ന പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചെരിവിലാണ് കേരളം എന്നതിനാല്‍ മഴനിഴല്‍ പ്രദേശമായ പടിഞ്ഞാറന്‍ ചെരിവിലെയും അതിനു തുടര്‍ച്ചയായി വരുന്ന പീഠഭൂമിയിലേയും പക്ഷിക്കൂട്ടങ്ങളില്‍ നിന്ന് വ്യത്യസ്തരാണ് കേരളത്തില്‍ കാണപ്പെടുന്ന പക്ഷികള്‍.

എന്നാല്‍ കേരളത്തിലെ നിത്യഹരിതവനങ്ങള്‍ മറ്റു പലയിടത്തേക്കാള്‍ പക്ഷിവൈവിധ്യം കുറഞ്ഞവയാണ്. ഉദാഹരണത്തിന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ നിത്യഹരിത വനങ്ങളില്‍ കേരളത്തിലേതിനേക്കാളും മൂന്നിരട്ടി പക്ഷികളാണ് ഇന്നു കാണപ്പെടുന്നത്. ഇതിന് കാരണം കേരളത്തിലെ കാടുകള്‍ക്ക് തുടര്‍ച്ചയില്ല എന്നതാണ്. കാട്ടില്‍ ജീവിക്കുന്ന പക്ഷികള്‍ക്ക് ജീവിക്കാനാവാത്തവിധമുള്ള പ്രദേശങ്ങളാണ് കേരളത്തിനപ്പുറം.

ഇങ്ങനെ ഒരു ദ്വീപിന് സമാനമായി നിലനില്‍ക്കുന്നതുകൊണ്ട് കേരളത്തിലെ പശ്ചിമഘട്ടത്തില്‍ സ്ഥാനിക ഇനങ്ങളുടെ എണ്ണം വടക്ക് കിഴക്കന്‍ മേഖലയിലേതിനേക്കാള്‍ കൂടുതലുമാണ്. ലോകത്ത് വേറെങ്ങുമില്ലാതെ ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുന്ന ജീവജാലങ്ങളെയാണ് സ്ഥാനിക (endemic) ഇനങ്ങള്‍ എന്നു വിളിക്കുന്നത്.

കേരളത്തിന്റെ ഭൂതലം മാറിമറിയാന്‍ തുടങ്ങിയിട്ട് നാളേറെയായി. സ്വാഭാവിക വനങ്ങളും വെട്ടിത്തെളിച്ച് തേക്കും ചായയും കാപ്പിയും നടാന്‍ തുടങ്ങിയത് മുതല്‍ തുടങ്ങിയ മാറ്റം ഇടനാടന്‍ കുന്നുകളില്ലാതാവുന്നതിലൂടെയും പുരയിടങ്ങളിലെ ഫലവൃക്ഷങ്ങളെല്ലാം പോയി റബ്ബര്‍ മാത്രമാകുന്നതിലൂടെയും കാടിന്റെ ചെറുതുരുത്തുകളായിരുന്ന സര്‍പ്പക്കാവിലെ സര്‍പ്പങ്ങളെയൊക്കെ ആവാഹിച്ച് മാറ്റി മരങ്ങള്‍ മുറിച്ചുകളഞ്ഞതിലൂടെയും തണ്ണീര്‍ത്തടങ്ങളെല്ലാം മണ്ണിട്ട് നികത്തി വലിയ കെട്ടിടങ്ങളും സാങ്കല്‍പിക വിമാനത്താവളങ്ങളും പണിതുകൊണ്ടും തുടരുകയാണ്.

ഈ മാറ്റങ്ങള്‍ പക്ഷികളുടെ നിരവധി ആവാസ വ്യവസ്ഥകള്‍ ഇല്ലാതാക്കുന്നതിലേക്കും അവയ്ക്ക് ഭക്ഷണം കൊടുത്തിരുന്ന നിരവധി വൃക്ഷങ്ങളടക്കമുള്ള സസ്യലതാദികള്‍ ഇല്ലാതായതിലേക്കുമാണ് എത്തിച്ചത്. ഓരോ പ്രത്യേകതരം ഭൂപ്രദേശങ്ങളിലും അധിവസിക്കുന്ന പക്ഷികളെക്കുറിച്ച് വളരെ ഹ്രസ്വമായി പ്രതിപാദിക്കേണ്ടതായിട്ടുണ്ട്.

കടലോരവും ചെറുദ്വീപുകളും

കടലോരവും അതിനോട് ചേര്‍ന്നു കാണപ്പെടുന്ന ചെറുദ്വീപുകളുമാണ് കേരളത്തിലെ 590 കി.മീറ്ററോളം നീളം വരുന്ന ഒരു പ്രധാന ഭൂപ്രദേശം. പല ഇനങ്ങളില്‍പെട്ട കടല്‍കാക്കകളാണ് തീരപ്രദേശത്ത് കാണപ്പെടുക. ഇവയില്‍ തവിട്ടുതലയന്‍ കടല്‍കാക്കയും, ചെറു കടല്‍കാക്കയും വലിയ കടല്‍കാക്കയും പെടും.

ഒറ്റയ്ക്കും തെറ്റയ്ക്കും കാണപ്പെടുന്ന കല്ലുരുട്ടിക്കാടയും വര്‍ഷാന്ത്യത്തില്‍ കൃത്യമായി വിരുന്നുകാരായി എത്തുന്ന തിരക്കാടയും ഓരോ വര്‍ഷം കഴിയുമ്പോഴും എണ്ണം കുറഞ്ഞുവരുന്ന വലിയ കടലാളയും എണ്‍പതുകളില്‍ ധാരാളമായുണ്ടായിരുന്ന കടലുണ്ടി ആളയും കടല്‍ പരുന്തുകളുമാണ് കടലോരത്തെ പ്രധാന പക്ഷികള്‍. ഇവയില്‍ വെള്ളപയറന്‍ കടല്‍പ്പരുന്തുകളെ കാണുക കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്.

തെക്കന്‍ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ അവയെ കാണാറില്ല. ഇവയോടൊപ്പം വിവിധയിനം ശരപ്പക്ഷികളും തീരദേശത്ത് കൂടി യാത്ര ചെയ്യുന്നതായി കാണാറുണ്ട്.

കായലുകളും തണ്ണീര്‍ത്തടങ്ങളും

കായലുകളും തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും ചേര്‍ന്നുള്ളതാണ് കേരളത്തിലെ പക്ഷികളുടെ സവിശേഷമായ മറ്റൊരു ആവാസവ്യവസ്ഥ. വേലിയിറക്കത്തില്‍ പ്രത്യക്ഷമാകുന്ന ഇടമത്രയും ഇവയുടെ ആഹാരസമ്പാദനത്തിനുള്ള ഇടങ്ങളായി മാറും. കേരളത്തിന്റെ തീരദേശത്തെ ചെറുപട്ടണങ്ങള്‍ക്കെല്ലാം ചുറ്റും ഉണ്ടായിരുന്ന വിശാലമായ തണ്ണീര്‍തടങ്ങളും നെല്‍വയലുകളും വളരെ പെട്ടെന്ന് നികത്തപ്പെടുകയും പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയര്‍ന്നു വരികയുമുണ്ടായി.

നിരവധി വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന തണ്ണീര്‍തട പക്ഷികള്‍ക്ക് ഈ മാറ്റത്തോടൊപ്പം മാറാനാവില്ല. അതുകൊണ്ടുതന്നെ ഡി.എല്‍.എഫ് പോലുള്ള കെട്ടിട സമുച്ചയങ്ങളുടെ പരസ്യങ്ങളില്‍ കാണുന്ന സുന്ദരമായ പ്രകൃതിയുടെ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഓര്‍മിപ്പിക്കുന്നത് ജീവിക്കാനും ഭക്ഷണം സമ്പാദിക്കാനുമാകാതെ ഇല്ലാതായ നിരവധി പക്ഷികളുടെ കഥകളാണ്. ഇന്നും ബാക്കി നില്‍ക്കുന്ന തണ്ണീര്‍തടങ്ങളിലും നെല്‍പ്പാടങ്ങളിലും കാണുന്ന വലിയ പക്ഷിക്കൂട്ടങ്ങള്‍ തൊട്ടപ്പുറത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിശാലമായ ആവാസ വ്യവസ്ഥയുടെ ലക്ഷണങ്ങളാണ്.

തണ്ണീര്‍തട പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത് രാസകീടനാശിനികളും കൂടിയാണ്. തൃശൂര്‍ കോള്‍പാടങ്ങളില്‍ മഞ്ഞ വരയന്‍ പ്രാവുകളും കോഴിക്കോട് ബീച്ചില്‍ കാലമുണ്ടികളും കൂട്ടമായി ചത്തൊടുങ്ങിയിട്ടുണ്ട്.

തണ്ണീര്‍ത്തടങ്ങളെപ്പോലെ തന്നെ പ്രധാനമാണ് തീരദേശത്തുള്ള ചെങ്കല്‍ കുന്നുകളും. വേനല്‍ക്കാലത്ത് ജീവജാലങ്ങള്‍ നന്നേ കുറവായിക്കാണുന്ന മാടായിപ്പാറ പോലുള്ള കുന്നുകളില്‍ മഴക്കാലത്തുണ്ടാകുന്ന ചെറുകുളങ്ങളെ ആശ്രയിച്ച് നിരവധി പക്ഷികള്‍ ജീവിക്കും.

പട്ടണങ്ങളിലെ പക്ഷികള്‍

നഗരങ്ങളില്‍പോലും ചിലപ്പോഴൊക്കെ അപൂര്‍വങ്ങളായ പക്ഷികളെ കാണാന്‍ കഴിയുന്ന സ്ഥലമായിരുന്നു കേരളം. നഗരത്തിലെ വലിയ മരങ്ങളെല്ലാം നഷ്ടപ്പെടുകയും ഉയരമുള്ള കെട്ടിടങ്ങള്‍ ആ സ്ഥാനം കയ്യടക്കുകയും ചെയ്യുമ്പോള്‍ കുടിയൊഴിഞ്ഞുപോയ പക്ഷികള്‍ നിരവധിയാണ്.

പക്ഷിയല്ലെങ്കിലും വവ്വാലുകള്‍ക്കും ഈ തരത്തില്‍ ഇടമില്ലാതാക്കപ്പെട്ടു. കോന്നിയെന്ന ചെറു പട്ടണത്തിലെ ഏറ്റവും ഉയര്‍ന്ന ഇടമായ ഫോറസറ്റ് ഗസ്റ്റ് ഹൗസിനു മുന്നിലുള്ള മരത്തില്‍ പകലുറങ്ങിയിരുന്ന വവ്വാലുകളെല്ലാം ആ മരത്തിനടുത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ പക്ഷികളുടെ ജീവിതത്തില്‍ മൊബൈല്‍ റേഡിയേഷന്റെ ആഹ്വാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് കാത്തുനില്‍ക്കാതെ താഴെ പുഴയോരത്തെ ഒരു മരത്തിലേക്ക് താമസം മാറ്റി. റെയില്‍വേ സ്റ്റേഷനുകളിലേയും ബസ്സ്റ്റാന്റിലേയും മരങ്ങളില്‍ ധാരാളമായുണ്ടാവും പക്ഷിക്കൂടുകള്‍.

എന്തേ അവരിങ്ങനെ മനുഷ്യന്‍ തിക്കും തിരക്കുമുണ്ടാക്കുന്നിടത്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിച്ചത് കൊച്ചിയെന്ന താരതമ്യേന വലിയ നഗരത്തിന്റെയൊരു മൂലയില്‍ സ്ഥിതിചെയ്യുന്ന മംഗള വനത്തില്‍ നിന്നാണ്. നിരവധി പക്ഷിക്കൂടുകളുണ്ടായിരുന്നു പണ്ട് ഈ ചെറിയ കണ്ടല്‍കാട് നിറഞ്ഞ ചെറുഇടത്തില്‍. അതിന് തൊട്ടടുത്ത് കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നു.

അതിനേക്കാള്‍ ബഹളമയമായി തൊട്ടടുത്ത് ഗുഡ്‌സ് ട്രെയിനുകളുടെ അവസാന സ്റ്റേഷനും. രാവും പകലും കാത്തുകിടക്കുന്ന ലോറികളിലേക്ക് ചരക്കിറക്കുന്നതിന്റെ തിരക്ക്. അന്ന് പക്ഷേ മംഗളവനം പക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. പിന്നെ കെട്ടിടം പണികഴിഞ്ഞ് ഹൈക്കോടതിക്ക് മുന്നില്‍ ‘ശബ്ദമുണ്ടാക്കരുത്’ എന്ന ബോര്‍ഡ് തൂങ്ങിയതോടെ അവിടം നിശബ്ദമായി. ചരക്ക് നീക്കവും നിലച്ചപോലായി. അപ്പോള്‍ പക്ഷേ പക്ഷികളുടെ എണ്ണം കുറയുകയാണുണ്ടായത്. എന്താവും കാരണം? ചുറ്റുമുള്ള മനുഷ്യര്‍ ആ പക്ഷികളുടെ ധൈര്യമായിരുന്നു. ആരും വന്ന് വെടിവെക്കില്ലെന്ന്, മരം വെട്ടില്ലെന്ന്.

അപകടകാരികളായ ജീവികളൊന്നും മനുഷ്യ പെരുമാറ്റമുള്ളയിടത്തേക്ക് വരില്ലെന്നതിനാല്‍ അവരേയും പേടിക്കേണ്ടിയിരുന്നില്ല. തിരക്കൊഴിയുകയും ആള്‍ക്കൂട്ടങ്ങളില്ലാതാവുകയും ചെയ്തപ്പോള്‍ പക്ഷികളുടെ അഭയവും നഷ്ടപ്പെട്ടു. കൂടുതല്‍ ഗുരുതരമായത് എറണാകുളം ജില്ലയില്‍ എവിടെ പിടിക്കപ്പെടുന്ന പാമ്പിനേയും കൊണ്ടുവന്ന് തുറന്നുവിടുന്ന സ്ഥലമായി മംഗള വനം മാറിയതാണ്. അവിടെ സ്വാഭാവികമായി ഇല്ലാതിരുന്ന പല പാമ്പുകളും അവിടെയെത്തിയതോടെ ഉയരംകുറഞ്ഞ കണ്ടല്‍ ചെടികളുടെ കൊമ്പുകളില്‍ പണിത കൂടുകളിലെ മുട്ടകളത്രയും വേട്ടയാടപ്പെട്ടു. സുരക്ഷിത ഇടംതേടി പക്ഷികള്‍ തെക്കോട്ടും വടക്കോട്ടും നീങ്ങി.

നിബിഡ വനങ്ങളില്‍ ഒരിക്കലും കാണപ്പെടാത്ത കാക്കയും അമ്പലപ്രാവും കുയിലുകളും അങ്ങാടിക്കുരുവികളുമാണ് കേരളത്തിലെ പട്ടണങ്ങളിലെ പ്രധാന പക്ഷികള്‍. മനുഷ്യനുമായി ചേര്‍ന്ന് മാത്രം ജീവിക്കാന്‍ ശീലിച്ച് പോയവരാണവര്‍. പട്ടണങ്ങളിലെ ഒഴിവിടങ്ങള്‍ ഇല്ലാതായപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിലായത് നിലത്ത് കൂടുണ്ടാക്കുന്ന പക്ഷികളാണ്. മഞ്ഞക്കണ്ണി തിത്തിരിയെപ്പോലുള്ള പക്ഷികള്‍ക്ക് നഗരത്തില്‍ അഭയമായത് സ്‌കൂളുകളുടേയും കോളജുകളുടേയും കളിസ്ഥലങ്ങളാണ്.

മധ്യവേനല്‍ അവധിക്കാലം കഴിഞ്ഞു കുസൃതിക്കുട്ടികള്‍ തിരിച്ചെത്തുമ്പോഴേക്ക് അവരീ കളിസ്ഥലങ്ങളില്‍ കൂടുണ്ടാക്കി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞങ്ങളുമായി പറന്നു മാറിയിട്ടുണ്ടാകും. ഈയടുത്ത കാലത്താണ് നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത് എന്തിനാണ് നഗരത്തിലെ ഇത്രയധികം വിലപിടിപ്പുള്ള സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കളിസ്ഥലങ്ങളും? അവയൊക്കെ നഗരപ്രാന്തങ്ങളിലേക്ക് മാറ്റണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പുരയിടങ്ങളും നെല്‍പ്പാടങ്ങളും

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഗ്രാമങ്ങളില്ല എന്നാണ് പറയുക. എങ്കിലും എല്ലാ ദിവസവും വാഹനാപകടമുണ്ടാകാത്ത സ്ഥലങ്ങളെ ഗ്രാമമായി നിര്‍വചിക്കുകയാണെങ്കില്‍ അവിടത്തെ പുരയിടങ്ങളും നെല്‍പ്പാടങ്ങളും ചെറു തോട്ടങ്ങളുമാണ് കേരളത്തിലെ പക്ഷികളുടെ മറ്റൊരു പ്രധാന ഭൂവാസ വ്യവസ്ഥ.

പലതരത്തിലുള്ള തത്തകളും പ്രാവുകളും മരംകൊത്തികളും മൈനയും ഓലഞ്ഞാലിയും കാട്ടൂഞ്ഞാലിയും മണ്ണക്കറുപ്പനും ആനറാഞ്ചിയും കാക്കത്തമ്പുരാക്കന്മാരും തമ്പുരാട്ടികളും കിന്നരിക്കാക്കയും കാടുമുഴക്കിയും മിന്നിത്തിളങ്ങുന്ന ലളിത കാക്കയുമൊക്കെ വസിക്കുന്നതിവിടെയാണ്. ഇവയില്‍ പലതിനും മരംകൊണ്ടുള്ള, വായുസഞ്ചാരം സാധ്യമായ മേല്‍ക്കൂരകളുള്ള പഴയകാല കേരളത്തിലെ വീടുകള്‍ വാസസ്ഥലങ്ങളായിരുന്നു.

ചങ്കുപൊള്ളുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര മലയാളി സ്വന്തം തലയ്ക്ക് മേല്‍ ഉയര്‍ത്തിയപ്പോള്‍ ഈ പക്ഷികളൊക്കെ മാറിത്താമസിച്ചു. ആദ്യമൊക്കെ പൊളിക്കാതെ നിന്ന തൊഴുത്തിന്റേയും വിറകുപുരയുടേയും മേല്‍ക്കൂരയിലേക്കും പിന്നെ അതുമില്ലാതായപ്പോള്‍ പതുക്കെ പതുക്കെ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പേരു കുറിച്ചുവെക്കുന്ന റെഡ് ഡാറ്റാ ബുക്കിലേക്കും.

ഗ്രാമങ്ങളിലെ ചെങ്കല്‍ പാളി തെളിഞ്ഞ, ആരുടെ ഉടമസ്ഥതയിലാണെങ്കിലും പൊതുസ്വത്തായി ഉത്സവങ്ങള്‍ നടത്താനും കുട്ടികള്‍ കളിക്കാനും സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന തുറന്ന ഇടങ്ങളിലാണ് തിത്തിരിപ്പക്ഷികളും വയല്‍ക്കണ്ണനും കരിവയറന്‍ വാനമ്പാടിയും ചെമ്പുവാലന്‍ വാനമ്പാടിയും നാട്ടുരാച്ചുക്കും കാട്ടുരാച്ചുക്കും രാച്ചെങ്ങലുമെല്ലാം ജീവിച്ചുപോന്നത്. അത്തരം കുന്നുകളാണ് ജെ.സി.ബി എന്ന യന്ത്രത്തിന്റെ വരവോടെ ക്വാറികളായി മാറിയത്.

ഇത്തരം പക്ഷികള്‍ക്ക് നഷ്ടപ്പെട്ടത് ഭക്ഷണം ശേഖരിക്കുന്ന സ്ഥലങ്ങള്‍ മാത്രമല്ല കൂടുണ്ടാക്കാനുള്ള സ്ഥലങ്ങള്‍ കൂടിയാണ്. ഇവരുപയോഗിച്ചിരുന്ന ഇടങ്ങളത്രയും കുഴിച്ചെടുക്കുന്ന മണ്ണും കല്ലും കച്ചവടം ചെയ്താണ് കേരളത്തിലെ മനുഷ്യര്‍ രാഷ്ട്രീയം കളിക്കുന്നതും മതം കളിക്കുന്നതും. അവരൊക്കെ സംഗീതം ഇഷ്ടമുള്ളവരും ലതാ മങ്കേഷ്‌കറിന്റെ പാട്ടുകള്‍ കേള്‍ക്കുന്നവരും ആകും. പക്ഷേ യഥാര്‍ത്ഥ വാനമ്പാടികളും അവരുടെ പാട്ടുകളും ഇനിയങ്ങോട്ട് കേള്‍ക്കാന്‍ ബുദ്ധിമുട്ടാകും.

മഴനിഴല്‍ പ്രദേശങ്ങള്‍

കേരളത്തിന്റെ പൊതുവായ കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമായ ഇടങ്ങളാണ് മഴക്കാറുകളെത്താത്ത ചിന്നാര്‍ പ്രദേശവും പാലക്കാടന്‍ ചുരവും അട്ടപ്പാടിയിലേയും വയനാട്ടിലേയും ചിലയിടങ്ങളും. വല്ലാതെ വരണ്ട ഈ പ്രദേശങ്ങളില്‍ വരണ്ട ഇലപൊഴിയും കാടുകളും കുറ്റിക്കാടുകളുമാണ് കാണാന്‍ കഴിയുക.

കേരളത്തില്‍ പൊതുവേ കാണപ്പെടുന്നവയില്‍ നിന്നും വ്യത്യസ്തമായി നിരവധി പക്ഷികളെ കാണാകുന്ന പ്രദേശങ്ങളാണിവിടം. ചുള്ളിമുള്ളന്‍ കോഴി, മഞ്ഞത്താലി ബുള്‍ബുള്‍, വരയന്‍ ചിലപ്പന്‍, ചാലചിലപ്പന്‍ എന്നീ പക്ഷികള്‍ കാണപ്പെടുന്നത് ചിന്നാറിലെ വരണ്ട കാടുകളിലാണ്. നാല്‍പ്പത്തഞ്ച് കിലോമീറ്ററോളം വീതിയുള്ള പാലക്കാടന്‍ ചുരത്തിലെ വരണ്ട കാലാവസ്ഥയിലാണ് കോഴിക്കാടയും കൊമ്പന്‍ കുയിലും കാലങ്കോഴിയും നാട്ടുരാച്ചുക്കും ധാരാളമായി കാണപ്പെടുക. ആ പ്രദേശങ്ങളെല്ലാം പക്ഷേ അതിവേഗ വ്യവസായവത്കരണത്തിലാണ്.

ഗ്രൂപ്പ് ഫോട്ടോയില്‍ നോക്കുമ്പോള്‍ സ്വന്തം മുഖം മാത്രം കാണുന്ന ശങ്കരപ്പിള്ളക്കവിത പോലെയാണ് കേരളത്തിലെ മനുഷ്യനും. നിവര്‍ന്ന് നിന്നു നോക്കുമ്പോള്‍ മനുഷ്യനേയും അവന്റെ പാര്‍പ്പിടങ്ങളേയും കൃഷിയിടങ്ങളെയും മാത്രമേ കാണൂ. അതില്ലാത്ത ഇടങ്ങളൊക്കെ പാഴ്സ്ഥലമായി സര്‍ക്കാര്‍ മുദ്രവെക്കും. അവിടെയാണ് വലിയ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കായി ഭൂമിപൂജ ചെയ്യുന്നതും പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥകളെ ഇല്ലാതാക്കുന്നതും.

മൃഗങ്ങളുടെ മൃതശരീരങ്ങള്‍ തോലായും എല്ലുപൊടിയായും മാറ്റി കച്ചവടം ചെയ്യാനാകുമെന്നായപ്പോഴാണ് ആ ശരീരങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടാതിരിക്കയും അവ ഭക്ഷിച്ചിരുന്ന കഴുകന്മാര്‍ക്ക് ഭക്ഷണമില്ലാതായതും. ഇന്നിപ്പോള്‍ ചുട്ടികഴുകനേയും കാതിലക്കഴുകനേയും കാണാനാകുന്ന ഏക ഇടം മഴനിഴല്‍ പ്രദേശമായ വയനാടന്‍ പീഠഭൂമിയുടെ ചില ഭാഗങ്ങള്‍ മാത്രമാണ്.

തോട്ടങ്ങളില്‍ സംഭവിച്ചത്

ചായത്തോട്ടങ്ങളും റബ്ബര്‍ തോട്ടങ്ങളും കേരളത്തിലെ പച്ചമരുഭൂമികളാണ്. അവിടങ്ങളില്‍ പക്ഷിസാന്നിധ്യം നന്നേ കുറവാണ്. ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ചോലയില്‍ കൃഷി ചെയ്തിരുന്നതിനാല്‍ ഏലത്തോട്ടങ്ങള്‍ ഇങ്ങനെയായിരുന്നില്ല. എന്നാല്‍ വളരെ കുറച്ച് തണല്‍ മാത്രം ആവശ്യമുള്ള ‘ഞള്ളാക്കി’ഇനം ഏലം വ്യാപകമായതോടെ വലിയ മരങ്ങളെല്ലാം മുറിച്ചുമാറ്റപ്പെട്ടു.

റബ്ബര്‍ ബോര്‍ഡില്‍ നിന്നും സബ്‌സിഡി കിട്ടണമെങ്കില്‍ റബ്ബര്‍ നടുന്ന സ്ഥലത്ത് മറ്റൊരു വൃക്ഷവും പാടില്ല എന്നതായിരുന്നു നിയമം. ഈ ഒറ്റ നിയമം കാരണമാണ് കേരളത്തിലെ വിശാലമായ കുന്നുകളിലും പുരയിടങ്ങളിലും നിന്ന് മാവും പ്ലാവും കുടംപുളിയും പുളിയും ആഞ്ഞിലിയുമടക്കം മനുഷ്യരോടൊപ്പം പക്ഷികളും ആഹരിച്ചിരുന്ന നിരവധി വൃക്ഷങ്ങള്‍ വെട്ടിമാറ്റപ്പെട്ടത്.

എന്നാല്‍ ഇവിടങ്ങളിലൊക്കെ ചായത്തോട്ടത്തിനോട് ചേര്‍ന്ന് ഒരിത്തിരിയെങ്കിലും കാടിന്റെ തുരുത്ത് അവശേഷിക്കുന്നുണ്ടോ അവിടങ്ങളില്‍ പക്ഷികളുടെ വൈവിധ്യം ആഹ്ലാദകരമാംവിധം കൂടുന്നതായും കാണാം. ഇതേ ധര്‍മമാണ് വടക്കന്‍ കേരളത്തിലെ നെല്‍പ്പാടങ്ങളുടെ നടുക്കോ അതിരിലോ സ്ഥിതിചെയ്യുന്ന നിലമൊരുക്കുമ്പോള്‍ മണ്ണ് തടുത്ത് കൂട്ടിയിടുന്നത് മൂലമുണ്ടാകുന്ന ഉയര്‍ന്ന പ്രതലത്തിലെ ”കുതിര്” എന്ന ആവാസ വ്യവസ്ഥയും പ്രദാനം ചെയ്യുന്നത്.

സര്‍പ്പക്കാവുകള്‍

തെക്കന്‍ കേരളത്തില്‍ സര്‍പ്പക്കാവുകളാണ് ഈ ധര്‍മം നിറവേറ്റിയിരുന്നത്. നാട്ടില്‍ ഏറ്റവും ഉയരമുള്ള മരങ്ങള്‍ സര്‍പ്പക്കാവുകളിലായിരുന്നു. വലിയ പക്ഷികള്‍ക്ക് കൂടുണ്ടാക്കാന്‍ തക്കവിധം വലിപ്പമുണ്ടായിരുന്നു അവയ്ക്ക്. ഉള്ളിലേക്ക് നോക്കിയാല്‍ ഇരുട്ട് മാത്രം കാണുന്നവിധം സമ്പന്നമായിരുന്നു സര്‍പ്പക്കാവിലെ സസ്യസമ്പത്ത്.

പക്ഷികള്‍ മാത്രമല്ല പൂമ്പാറ്റകളും വണ്ടുകളും ചിലന്തികളും അരണയും ഓന്തും അണ്ണാര്‍ക്കണ്ണന്മാരും വരെ സ്വസ്ഥമായ അഭയസ്ഥാനങ്ങളായി കണ്ട ഈ കാവുകളെ നിലനിര്‍ത്തിയതും പിന്നീട് ഇല്ലാതാക്കിയതും ഹിന്ദുമത വിശ്വാസം തന്നെയാണ്. കാവു തീണ്ടരുത് എന്ന് പറഞ്ഞിരുന്ന മതം സ്ഥലത്തിന് ആവശ്യങ്ങള്‍ ഏറിയപ്പോള്‍ നിലപാട് മാറ്റി.

പൂജ നടത്തി സര്‍പ്പത്തെ ആവാഹിച്ച് കുടത്തിലാക്കി അമ്പലത്തിലേക്ക് മാറ്റിയാല്‍ പിന്നെ സര്‍പ്പക്കാവുകള്‍ വെട്ടാമെന്നായി. ഇന്നിപ്പോള്‍ ദിവസവും ഒരു കാവെങ്കിലും മഴുവേറ്റ് ഇല്ലാതാകുന്നുണ്ട്.

ഇക്കാരണം കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാ മതങ്ങളും തട്ടിപ്പ് പ്രസ്ഥാനങ്ങളായി മാറുന്നത്. അവരെല്ലാം മനുഷ്യരോട് പറയുന്നത് കഴിയുന്നത്ര പെറ്റ് കൂട്ടി പക്ഷികളടക്കം മറ്റൊരു ജീവജാലത്തിനും ജീവിക്കാനുള്ള സ്ഥലം കൊടുക്കാതെ നുരഞ്ഞു പുളയണമെന്നാണ്. നമ്മുടെ മതത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് നിറയെ വോട്ട് കിട്ടണമെന്നും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിശുദ്ധ വനങ്ങളില്‍ മാത്രം എഴുപതില്‍പ്പരം വന്യ പക്ഷി ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വിസ്തീര്‍ണ്ണം കുറവാണെങ്കിലും രണ്ട് മൂന്ന് കിലോമീറ്ററിനുള്ളില്‍ ഒന്നിലേറെ കാടിന്റെ തുരുത്തുകളുണ്ടെങ്കില്‍ വലിയ വൈവിധ്യമാണ് പക്ഷികളുടെ ഇനങ്ങളില്‍ കാണപ്പെടുക.

പുഴയോരക്കാടുകള്‍

പുഴയോരക്കാടുകളാണ് കേരളത്തിലെ പക്ഷികളുടെ മറ്റൊരു പ്രധാന ആവാസ വ്യവസ്ഥ. അവയില്‍ വലിയ പങ്കും ജലസേചന, വൈദ്യുത പദ്ധതികള്‍ക്കായി ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞു. വാഴച്ചാല്‍ മേഖലകളില്‍ പാണ്ടന്‍ വേഴാമ്പലിന്റെ നല്ലൊരു കൂട്ടമുണ്ട്. മലമുഴക്കി വേഴാമ്പലിന്റേയും. ഇവ രണ്ടിനോടുമൊപ്പം കോഴി വേഴാമ്പലും ഒരുമിച്ചു കാണപ്പെടുന്ന കേരളത്തിലെ ഏക സ്ഥലമാണ് വാഴച്ചാല്‍.

അവിടെയാണ് സന്ധ്യാനേരത്ത് മനുഷ്യര്‍ക്ക് വേണ്ട അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാനായി ജലവൈദ്യുത പദ്ധതി വരുന്നത്. ആ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് വിലയിരുത്തിയ സമിതി പറഞ്ഞത് അവിടെ സവിശേഷമായ ജീവജാലങ്ങളൊന്നുമില്ല എന്നാണ്. മൂന്നിനം വേഴാമ്പലുകള്‍ ഒരുമിച്ച് കഴിയുന്നു എന്നത് ഒരു പ്രദേശത്ത് തന്നെ വൈവിധ്യമാര്‍ന്ന സൂക്ഷ്മ ആവാസ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിന്റെ ലക്ഷണമാണെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ ഉടനെ വന്നു മറുപടി വേഴാമ്പലുകളെ മാറ്റിപ്പാര്‍പ്പിക്കാവുന്നതേ ഉള്ളൂ എന്ന്.

ചില സമയങ്ങളില്‍ ചില ശാസ്ത്രങ്ങള്‍ അങ്ങനെയാണ്. അധികാരികള്‍ക്ക് മുന്നില്‍ കവാത്തും ശാസ്ത്രവും മറന്ന് വിവരക്കേടുകള്‍ പറയും. വേഴാമ്പലുകള്‍ മാത്രമല്ല മേനിപ്പൊന്മാനും പൊടിപ്പന്‍ മാനും കാക്കമീന്‍കൊത്തിയുമെല്ലാം പുഴയോരക്കാടുകളിലെ നിതാന്ത സാന്നിധ്യമാണ്.

നിത്യഹരിത വനങ്ങള്‍

കേരളത്തില്‍ ഏറ്റവും സമ്പന്നമായ പക്ഷിമേഖല ഇവിടത്തെ നിത്യഹരിത വനങ്ങളും ആര്‍ദ്ര ഇലപൊഴിയും കാടുകളുമാണ്. വടക്ക് ആറളം വന്യജീവി സങ്കേതം മുതല്‍ വയനാടിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍, നിലമ്പൂരും അമരമ്പലവും, സൈലന്റ് വാലിയും ശിരുവാണിയും പാലക്കാടന്‍ കുന്നുകളും, നെല്ലിയാമ്പതി, പീച്ചി, ചിമ്മിണി, വാഴച്ചാലിന്റേയും ഷോളയാറിന്റേയും ഉയരമുള്ള പ്രദേശങ്ങള്‍, പറമ്പിക്കുളം, ഇടമലയാര്‍, പൂയംകുട്ടി, ഇടുക്കിക്ക് ചുറ്റുമുള്ള കാടുകള്‍, പെരിയാര്‍ കടുവാ സങ്കേതം, പന്തളം കുന്നുകളിലെ റാന്നി, കോന്നി ഭാഗങ്ങള്‍, ശെന്തുരുണി, കല്ലാര്‍, പേപ്പാറ എന്നിങ്ങനെ നെയ്യാര്‍ വന്യജീവി സങ്കേതം വരെയാണ് ഇത്തരം കാടുകള്‍ കാണപ്പെടുന്നത്.

കാണപ്പെടുന്ന പക്ഷികളുടെ ഇനങ്ങളില്‍ വടക്കുനിന്ന് തെക്കോട്ടേക്ക് വലിയ വ്യത്യാസം കാണപ്പെടുന്നില്ല. വിവിധ ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഒരുമിച്ച് ആഹാരം സമ്പാദിക്കുന്നത് ഇവിടെയാണ് കാണാനാവുക.

നിലത്തുളള കരിയിലകള്‍ക്കിടയില്‍ ചിക്കിച്ചികഞ്ഞ് ഭക്ഷണം സമ്പാദിക്കുന്ന കുറച്ചു പേര്‍, അവരുണ്ടാക്കുന്ന അനക്കങ്ങളില്‍ ഞെട്ടി രക്ഷപ്പെട്ടു പറന്നുയരുന്ന പ്രാണികളെ പിടിക്കുന്ന കുറച്ചുപേര്‍, മരക്കൊമ്പുകളിലൂടെ മാത്രം സഞ്ചരിക്കുന്ന, നിലത്തിറങ്ങാത്ത മറ്റു ചിലര്‍, മരംകൊത്തികള്‍, പൂവുകളില്‍ തേന്‍കുടിച്ച് മാത്രം ജീവിക്കുന്നവര്‍, മരമുകളില്‍ നിന്ന് താഴേക്ക് നോക്കി ഇരയെ കണ്ടെത്തുന്ന മറ്റു ചിലര്‍, ആകാശത്ത് വട്ടമിട്ട് പറന്ന് താഴേക്ക് നോക്കി അങ്ങു താഴെ മരത്തിന്റെ കൊമ്പുകളിലും തുറസ്സായ സ്ഥലങ്ങളിലും ഇരകളുടെ സാന്നിധ്യം തിരിച്ചറിയുന്ന മറ്റു ചിലര്‍ ഇങ്ങനെ കാടിന്റെ നിലം മുതല്‍ ആകാശം വരെ വ്യത്യസ്ത വലുപ്പത്തിലുള്ള, വ്യത്യസ്ത ആഹാരം കഴിക്കുന്ന, വ്യത്യസ്ത നിറങ്ങളുള്ള, വ്യത്യസ്ത തരങ്ങളില്‍ പറക്കുകയും സംസാരിക്കയും ചെയ്യുന്ന പക്ഷിക്കൂട്ടങ്ങളാണ് ഇവിടെ കാണുക.

പക്ഷികള്‍ തമ്മില്‍ മാത്രമല്ല ഈ പാരസ്പര്യം. നരിയും ചെന്നായും പുലിയും വരുമ്പോള്‍ കുരങ്ങന്മാരോടും മാനുകളോടും ആദ്യം പറഞ്ഞുകൊടുക്കുന്നതും ഇവരാണ്. കാനച്ചിലപ്പന്‍, ചെംചിലപ്പന്‍, പൊടിച്ചിലപ്പന്‍, ചേലച്ചിലപ്പന്‍ എന്നിത്യാദി ചെറുകൂട്ടങ്ങളായി നീങ്ങുന്ന ചിലപ്പന്മാരും, നീലക്കുരുവി, നീലച്ചെമ്പന്‍ പാറ്റ പിടിയന്‍, നീലമേനി പാറ്റ പിടിയന്‍ എന്നീ പാറ്റ പിടുത്തക്കാരും ചാരവരിയന്‍ പ്രാവും വെള്ളക്കണ്ണിക്കുരുവിയും ചെറുതേന്‍ കിളിയും എല്ലാം ഈ കൂട്ടത്തിലെ അംഗങ്ങളാണ്.

മാംസഭുക്കുകളായ പക്ഷികളേറെയും ഇവിടെയാണ് കാണപ്പെടുക. ചൂട്ടിപ്പരുന്തും തേന്‍കൊതിച്ചിപ്പരുന്തും ഏറിയനും കിന്നരിപ്പരുന്തുമൊക്കെ. പൂര്‍ണവും സമൃദ്ധവുമായ മനുഷ്യരുടെ ഇടപെടലില്ലാത്ത ഇടങ്ങളില്‍ പക്ഷികളെങ്ങനെയാണ് ജീവിക്കുക എന്നറിയണമെങ്കില്‍ ഈ കാടുകളിലെത്തണം.

മനുഷ്യന്‍ ജീവിക്കുന്ന ആവാസവ്യവസ്ഥയുടെ ഒരു പൊതുസ്വഭാവം അത് ക്രമേണ പാരിസ്ഥിതികമായും ജൈവ വൈവിധ്യപരമായും ദരിദ്രമായിത്തീരും എന്നതാണ്. ഊര്‍ജ ഉപഭോഗമാവട്ടെ കൂടിക്കൊണ്ടുമിരിക്കും. ഇങ്ങനെ അനിയന്ത്രിതമായി ഉയരുന്ന പട്ടണങ്ങളുടെ ആര്‍ത്തിപിടിച്ച ഊര്‍ജ ആവശ്യം കാരണമാണ് കേരളത്തില്‍ കാടില്ലാതാകുന്നത്.

നിരവധി ഹെക്ടര്‍ നിത്യഹരിത വനങ്ങള്‍ നഷ്ടപ്പെട്ടത് ജലവൈദ്യുത നിലയങ്ങള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് വലിയൊരു സ്ഥലമത്രയും കെട്ടിമറച്ച് ഇരുപത്തിനാല് മണിക്കൂറും എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കുന്ന നഗരങ്ങളിലെ മാളുകള്‍ക്ക് വേണ്ടി ഇനിയും ധാരാളം കാടറുത്തുമാറ്റിയുണ്ടാക്കുന്ന പദ്ധതികള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

ചോലക്കാടുകളും പുല്‍മേടുകളും

സഹ്യപര്‍വത നിരകളുടെ ഏറ്റവും മുകളില്‍ സ്ഥിതിചെയ്യുന്ന ചോലക്കാടുകളും അതിനു ചുറ്റുമുള്ള വിശാലമായ കുറിഞ്ഞിപൂക്കുന്ന പുല്‍മേടുകളുമാണ് കേരളത്തിലെ പക്ഷികളുടെ അവസാന ആവാസ വ്യവസ്ഥ. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി അഞ്ഞൂറ് മീറ്ററിനും ഉയരത്തിലുള്ള പ്രദേശമാണിത്. ശക്തമായ കാറ്റും തണുപ്പും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മൂന്നാറിന് ചുറ്റുമുള്ള കണ്ണന്‍ ദേവന്‍ കുന്നുകളാണ് കേരളത്തില്‍ ഇത്തരത്തിലുള്ള ഏറ്റവും വിസ്തൃതമായ പ്രദേശം. ഇവിടെ ജീവിക്കുന്ന പക്ഷികള്‍ മാത്രമല്ല സസ്യങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളും ഇവിടെ മാത്രം ജീവിക്കാന്‍ കഴിയുന്നവരാണ്. വടക്കന്‍ ചിലുചിലപ്പനും സന്ധ്യക്കിളിയും ബഡ്ഡാര്‍ഡും സൂചിമുഖി ഇലക്കുരുവിയും പുല്‍ക്കുരുവിയും കരിഞ്ചെമ്പന്‍ പാറ്റപിടിയനും ചോലക്കാടുകളില്‍ മാത്രം ജീവിക്കാനാവുന്നവയാണ്. പോതക്കിളിയും പാറനിരങ്ങനുമൊക്കെ പുല്‍മേടുകളില്‍ ജീവിക്കാനാവുന്നവയും.

ആ പോക്കിനാണ് വംശനാശം എന്നുപറയുന്നത്

ആഗോള താപനത്തിന്റെ ഈ നാളുകളില്‍ ഏറെ പ്രാധാന്യമുണ്ട് ഈ മലമുകളിലെ ആവാസ വ്യവസ്ഥയ്ക്കും അവിടുള്ള ജീവജാലങ്ങള്‍ക്കും. ഭൂമിയിലെ ചൂട് കൂടുമ്പോള്‍ ഏതൊരു ജീവജാലവും ചൂട് കുറഞ്ഞ ഇടങ്ങളിലേക്ക് മാറിത്താമസിക്കും. കേരളത്തില്‍ ഇത്തരത്തില്‍ സമതലങ്ങളിലെ താപനില ഉയരുമ്പോള്‍ ജീവജാലങ്ങള്‍ ഉയര്‍ന്ന ഇടങ്ങളിലാണ് ചൂട് കുറവുള്ളത് എന്നതിനാല്‍ അങ്ങോട്ടേക്ക് നീങ്ങും. അങ്ങനെ സമതലത്തിലുള്ള ജീവജാലങ്ങള്‍ പതുക്കെ പതുക്കെ ഉയരങ്ങളിലേക്ക് കയറിത്തുടങ്ങുമ്പോള്‍ ഇപ്പോള്‍ തന്നെ ഏറ്റവും ഉയരങ്ങളില്‍ ജീവിക്കുന്ന പക്ഷികള്‍ എങ്ങോട്ടാണ് പോവുക? അവരങ്ങ് പോകും? ആ പോക്കിനാണ് വംശനാശം എന്നുപറയുന്നത്.

ആവശ്യമില്ലാത്ത ബള്‍ബുകള്‍ കെടുത്തുവാനും യാത്ര കഴിയുന്നത്ര പൊതുവാഹനങ്ങളിലാക്കുവാനും പെട്രോളും ഡീസലും ഗ്യാസുമൊക്കെ കഴിയുന്നത്ര കുറച്ചുപയോഗിക്കാനും ആവശ്യമുള്ളതിനേക്കാള്‍ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കാതിരിക്കണമെന്നും കുന്നുകളിനിയും ഇടിച്ചുനിരത്തരുതെന്നും പറയുന്നത് പലരീതിയില്‍ ഈ ഭൂമിയെ ചുടാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നതുകൊണ്ടാണ്. പക്ഷികളുടെ മാത്രമല്ല മലമുകളിലെ നിരവധി ജീവജാലങ്ങളുടെ അതിജീവനത്തിന് നമ്മളാല്‍ കഴിയുന്നത് ചെയ്യുവാന്‍ വേണ്ടിയാണ്.

പക്ഷികള്‍ക്ക് ജീവിക്കാനാകുന്ന ആവാസവ്യവസ്ഥകള്‍ കുറഞ്ഞു വരികയാണ് കേരളത്തില്‍. അതുകൊണ്ടുതന്നെ എവിടേയും ജീവിക്കാവുന്ന പക്ഷി ഇനങ്ങളുടെ എണ്ണം വര്‍ധിക്കുകയും സവിശേഷമായ ആവാസവ്യവസ്ഥകളില്‍ മാത്രം ജീവിക്കാവുന്നയുടെ എണ്ണം കുറഞ്ഞ് വരികയും ചെയ്യുകയാണ്.

ഉയരം കുറഞ്ഞ സ്ഥലങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ജീവിക്കുന്ന പക്ഷികളാണ് ഏറ്റവുമധികം എണ്ണത്തില്‍ കുറഞ്ഞിട്ടുള്ളത്. പാണ്ടന്‍ വേഴാമ്പലിന്റേയും മഞ്ഞവരയന്‍ പ്രാവിന്റേയും എണ്ണം നന്നായി കുറഞ്ഞു കഴിഞ്ഞു. സമതലങ്ങളില്‍ ധാരാളമായി കാണപ്പെട്ടിരുന്ന ഇവയെ ഇപ്പോള്‍ അവിടങ്ങളില്‍ കാണാതായിട്ടുണ്ട്. റിപല്‍ മൂങ്ങയും വെള്ളി മൂങ്ങയും പുല്‍ മൂങ്ങയും കാട്ടുപനങ്കാക്കയും കാട്ടുവേലിത്തത്തയും മേനിപ്രാവും മക്കോച്ചിക്കാടയും അടുത്ത രണ്ടു പതിറ്റാണ്ടിനപ്പുറം കടക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

ലോറികള്‍ കൊണ്ടുപോകുന്നത് മണ്ണ് മാത്രമല്ല

ഇടനാടന്‍ കുന്നില്‍ നിന്ന് മണ്ണുമായി പാഞ്ഞുപോകുന്ന ലോറികള്‍ കൊണ്ടുപോകുന്നത് മണ്ണ് മാത്രമല്ല നിരവധി ഇനം തിത്തിരിപ്പക്ഷികളുടേയും വയല്‍ക്കണ്ണന്‍മാരുടെയും കാടപ്പക്ഷികളുടെയും വാനമ്പാടികളുടേയും ആവാസ വ്യവസ്ഥയെക്കൂടിയാണ്. അങ്ങനെ നശിപ്പിക്കപ്പെട്ട്, ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന ഈ ആവാസവ്യവസ്ഥകളെ കൊണ്ട് ഇട്ടിട്ടാണ് നിരവധി തരം മണല്‍ക്കോഴികളുടേയും കൊക്കുകളുടേയും ചുണ്ടന്‍ കാടയുടേയും മഴക്കൊച്ചകളുടേയും ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതും.

കാട്ടുതീ

കാട്ടുതീയാണ് മറ്റൊരു മനുഷ്യനിര്‍മിത അനീതി. മലഞ്ചെരുവുകളിലെ കാടുകത്തിച്ചാല്‍ മഴയത്ത് ചാരമത്രയും കൃഷിയിടങ്ങളിലേക്ക് ഒലിച്ചിറങ്ങുമെന്നതിനാല്‍, കര്‍ഷകരും വേട്ടയ്ക്കും മോഷണത്തിനും കാടു കയറുമ്പോള്‍ കരിയിലകളനങ്ങി ശബ്ദമുണ്ടാകാതിരിക്കാന്‍ അവമാത്രം കത്തിക്കുന്നവരും പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതിഷേധിക്കാന്‍ വേണ്ടി കാടുകത്തിച്ചവരും വനംവകുപ്പ് ജീവനക്കാരോട് ദേഷ്യം തോന്നുമ്പോഴൊക്കെ കാട് കത്തിക്കുന്നവരും വഴിയോരത്തെ ചെടികളത്രയും വെട്ടിക്കത്തിക്കുന്ന കുടുംബശ്രീ മഹിളകളും തുടങ്ങി നിരവധി പേരാണ് ഉണങ്ങിയ ചില്ലകളും പുല്ലും ഉപയോഗിച്ച് വീടുണ്ടാക്കുന്ന പക്ഷികളുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കുന്നത്.

ഇത്തിരി ജലം അവര്‍ക്കും

കേരളം വേനലിലേക്ക് കടക്കുകയാണ്. എല്ലാ ജീവജാലങ്ങള്‍ക്കായും പെയ്യുന്ന മഴയെ ചിലയിടങ്ങളില്‍ കെട്ടിനിര്‍ത്തി പൈപ്പുകളിലൂടെ മനുഷ്യന് മാത്രം കിട്ടുന്നവിധം ദൂരസ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുമ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഈ നിര്‍ണായക വിഭവത്തിന് മേല്‍ മനുഷ്യന്‍ അധീശത്വം സ്ഥാപിക്കുകയാണ്. അതുകൊണ്ട് വീടിനോട് ചേര്‍ന്ന്, തണലുള്ള ഒരിടത്ത് ഒരു പരന്ന മണ്‍പാത്രത്തില്‍ ദിവസവും കുറച്ച് ശുദ്ധജലം ഒഴിച്ച് വെക്കുക പക്ഷികള്‍ക്കായി.

ജീവിക്കാനും അതിജീവനത്തിനുമായി പറന്നു പറന്നു മരിക്കാറാവുമ്പോള്‍ ഇത്തിരി ആശ്വാസമാകും അവര്‍ക്കത്. അവരോട് ചെയ്തു കൂട്ടുന്ന നൃശംസതകള്‍ക്കുള്ള പ്രായശ്ചിത്തമായിട്ടല്ല, മറിച്ച് കേരളത്തില്‍ ജീവിക്കുക എന്നത് നിതാന്ത സമരമായി മാറിക്കഴിഞ്ഞ അവര്‍ക്ക് വരുന്ന കൊടുംചൂടിനെ അതിജീവിക്കാന്‍. അതു കഴിഞ്ഞ് വസന്തം വരുമ്പോള്‍ പാട്ടുപാടി മനുഷ്യരെ ആനന്ദിപ്പിക്കാനായി ജീവിച്ചിരിക്കാനും.

കടപ്പാട്: ചന്ദ്രിക ആഴ്ചപ്പതിപ്പ്

Top