ന്യൂയോര്‍ക്കില്‍ രണ്ട് പോലീസുകാരെ വെടിവെച്ച് കൊന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പോലീസ് സേനയിലെ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു. ബ്രൂക്ക്‌ലൈനിലാണ് പോലീസുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഈയിടെ പോലീസ് നടത്തിയ വംശീയ കൊലകള്‍ക്കുള്ള പ്രതികാരമാണ് താന്‍ ചെയ്യുന്നതെന്ന് അക്രമി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ വെന്‍ജിന്‍ ലിയു, രണ്ട് വര്‍ഷം മുമ്പ് സേനയില്‍ ചേര്‍ന്ന റാഫേല്‍ റാമോസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

28കാരനായ ഇസ്മാഈല്‍ ബ്രിന്‍സ്‌ലി എന്നയാളാണ് പോലീസുകാരെ വെടിവെച്ച് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. താന്‍ പോലീസുകാരെ കൊന്ന് പ്രതികാരം ചെയ്യാന്‍ പോകുകയാണെന്ന് ബാള്‍ട്ടിമോറില്‍ നിന്ന് ബ്രൂക്ക്‌ലൈനിലേക്ക് തിരിക്കും മുമ്പ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. സംശയകരമായ സാഹചര്യത്തില്‍ പിടികൂടുന്ന കറുത്തവര്‍ഗക്കാരെ പോലീസ് കൊലപ്പെടുത്തുന്നതിന് പ്രതികാരമാണ് കൊലകളെന്ന് പ്രതി കൃത്യം നിര്‍വഹിച്ച ശേഷം വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസുകാര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നഗരം കേഴുകയാണെന്ന് മേയര്‍ ബില്‍ ഡി ബ്ലിസിയോ പറഞ്ഞു. വിശദവിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. നിരപരാധികളെ ഇങ്ങനെ കൊല്ലാന്‍ ഇത്തരക്കാര്‍ക്ക് എങ്ങനെ മനസ്സുവരുന്നുവെന്ന് മേയര്‍ ചോദിച്ചു.

വളരെയധികം അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരായിരുന്നു അവരെന്നും മേയര്‍ പറഞ്ഞു. അനധികൃത സിഗരറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് ജൂലൈയില്‍ പോലീസ് പിടികൂടിയ കറുത്തവര്‍ഗക്കാരന്‍ എറിക് ഗാര്‍ണര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് മുമ്പ് മൈക്കല്‍ ബ്രൗണ്‍ എന്ന കൗമാരക്കാരനും കൊല്ലപ്പെട്ടു. അരിസോണയിലും ക്ലീവ് ലാന്‍ഡിലും ഫെര്‍ഗൂസനിലുമൊക്കെ സമാനമായ വംശീയകൊലപാതകങ്ങള്‍ നടന്നിരുന്നു. ഇവരുടെയെല്ലാം ഘാതകരെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തമായിരുന്നു. മിക്ക നഗരങ്ങളിലും കറുത്ത വര്‍ഗക്കാരും അല്ലാത്തവരും അണിനിരന്ന കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ കൊലപാതകം.

Top