നോപ്പാളില്‍ കമ്മ്യൂണിസ്റ്റ് ഭരണം; ഖഡ്ഗപ്രസാദ് ശര്‍മ ഓലി പുതിയ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍ യുഎംഎല്‍) ചെയര്‍മാന്‍ ഖഡ്ഗപ്രസാദ് ശര്‍മ ഓലിയെ (63) തെരഞ്ഞെടുത്തു. നിലവിലെ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കൊയ്‌രാളയെയാണ് പരാജയപ്പെടുത്തിയത്.

വോട്ടെടുപ്പില്‍ പങ്കെടുത്ത 587 അംഗങ്ങളില്‍ 338 പേര്‍ ഓലിയെ പിന്തുണച്ചു. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ 299 വോട്ടുകള്‍ മതിയെങ്കിലും 39 വോട്ടുകള്‍ അധികം നേടിയാണ് ശര്‍മ ഓലി പ്രധാനമന്ത്രിപദത്തിലത്തെുന്നത്.

വോട്ടെടുപ്പില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ എംപിമാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഭരണഘടനക്കെതിരെ മാധേശി വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തിനെതിരെ പാര്‍ലമെന്റില്‍ സമവായം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഇതേതുടര്‍ന്ന് നിലവിലെ പ്രധാനമന്ത്രിയായിരുന്ന സുശീല്‍ കൊയ്‌രാള ശനിയാഴ്ച രാജിവെച്ചിരുന്നു.

യുസിപിഎന്‍ മാവോയിസ്റ്റ്, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ടി നേപ്പാള്‍, മധേശി ജനാധികാര്‍ ഫോറം ഡെമോക്രാറ്റിക് എന്നീ കക്ഷികളും ചെറുപാര്‍ടികളും ഓലിക്ക് പിന്തുണ നല്‍കി. നാലു മധേശി പാര്‍ടികളും കൊയ്‌രാളയ്ക്കാണ് വോട്ട് ചെയ്തത്.

2014ലാണ് 63കാരനായ ശര്‍മ ഓലി സി.പി.എന്‍യു.എം.എല്ലിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ഗിരിജ പ്രസാദ് കൊയ്‌രാളയുടെ ഇടക്കാല മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും ശര്‍മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1991, 94, 99 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ പാര്‍ലമെന്റ് മെംബറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994ല്‍ മന്‍മോഹന്‍ അധികാരി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ശര്‍മ.

ഏഴുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റ് അംഗീകരിച്ച പുതിയ ഭരണഘടനയ്‌ക്കെതിരെ ഇന്ത്യന്‍ വംശജരായ മധേശികള്‍ പ്രക്ഷോഭവും അതിര്‍ത്തിയില്‍ ചരക്കുനീക്ക ഉപരോധവും നടത്തുന്നതിനിടെയാണ് നേപ്പാളില്‍ തെരെഞ്ഞെടുപ്പ് നടന്നത്.

Top