നൈജീരിയയെ എബോള മുക്തമായി പ്രഖ്യാപിച്ചു

അബുജ: നൈജീരിയയെ ലോകാരോഗ്യ സംഘടന എബോള മുക്തമായി പ്രഖ്യാപിച്ചു. എബോള ബാധിച്ച് നിരവധി പേര്‍ മരിച്ച നൈജീരിയയില്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമഗ്ര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി, രോഗം പകരുന്നത് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചതായി ഡബ്ലിയു എച്ച് ഒ നൈജീരിയ ഡയറക്ടര്‍ റൂയി ഗാമാ വാസ് പറഞ്ഞു. ഇത് ചരിത്ര വിജയമാണ്. ഏകോപിച്ച പ്രവര്‍ത്തനങ്ങള്‍ വഴി ഇത്തരം ഭീഷണികളെ നേരിടാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ വിജയം.

ഒരു യുദ്ധം ജയിച്ചുവെന്ന് മാത്രമേ പറയാനാകൂ. പടിഞ്ഞാറന്‍ ആഫ്രിക്ക പൂര്‍ണമായി എബോള മുക്തമാക്കിയാല്‍ മാത്രമേ സമ്പൂര്‍ണ വിജയം നേടിയെന്ന് പറയാനാകൂവെന്നും ഗാമാ വാസ് പറഞ്ഞു. 20 എബോളാ കേസുകളാണ് നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ എട്ട് പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ വിമാനയാത്രികനായിരുന്നു. ഇയാളാണ് രാജ്യത്തേക്ക് എബോള വൈറസ് കൊണ്ടുവന്നതെന്നാണ് നിഗമനം. എബോള ബാധ കണ്ടെത്തി 42 ദിവസം പിന്നിട്ടിട്ടും പുതിയ കേസുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പകര്‍ച്ചയില്ലെന്നാണ് നിഗമനം. ഇതിനകം പരിശോധനക്ക് വിധേയമാക്കിയ മുഴുവന്‍ പേരിലും എബോള വൈറസ് നെഗറ്റീവ് ആണ് കാണിച്ചത്. എബോള ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ബന്ധം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു.

വിദേശത്ത് നിന്ന് ലാഗോസില്‍ എത്തിയ ലൈബീരിയക്കാരനാണ് ആദ്യമായി എബോള ബാധിച്ച് മരിച്ചത്. എബോള മുക്തമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ പരിശോധനകളും ജാഗ്രതകളും ഇവിടെ തുടരും. നൈജീരിയയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും സുരക്ഷിതമല്ലാത്ത അതിര്‍ത്തികളും ആഫ്രിക്കയിലെ ഏറ്റവും ജനനിബിഡമായ രാജ്യത്ത് വീണ്ടും എബോള എത്തുന്നതിന് കാരണമായേക്കാമെന്ന് വാസ് പറഞ്ഞു. അതുകൊണ്ട് മുഴുവന്‍ പ്രവിശ്യകളും ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Top