നേപ്പാള്‍ ദുരിതാശ്വാസം: ഇന്ത്യന്‍ വ്യോമസേന വിമാനം ദിശ തെറ്റി ചൈനയിലെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ദിശ തെറ്റി ചൈനയിലെത്തി. നേപ്പാള്‍ സേനാ മേധാവി ജനറല്‍ ഗൗരവ് സുംഷേര്‍ റാണയാണ് ഇക്കാര്യം അറിയിച്ചത്. നേപ്പാളും ചൈനയും അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയിലാണു വിമാനത്തിനു ദിശ തെറ്റിയത്. നേപ്പാളിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പൈലറ്റിനുണ്ടായ അജ്ഞതയാണു തെറ്റു പറ്റാന്‍ കാരണമെന്നു നേപ്പാള്‍ ജനറല്‍ അറിയിച്ചു. സംഭവത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇത്തരം അബദ്ധങ്ങള്‍ സര്‍വ്വസാധാരണമാണെന്നും ഇത് കാര്യമാക്കേണ്ടതില്ലെന്നും റാണ പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്ത്യന്‍ വ്യോമസേന നേപ്പാള്‍ വ്യോമ പാത ഉപയോഗിക്കുന്നതിനെതിരേ നേപ്പാള്‍ സൈന്യത്തില്‍ അമര്‍ഷമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇതിനെതിരേ നേപ്പാള്‍ സൈന്യം സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ദുരന്തമുണ്ടാകുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും തയാറാകണമെന്നു റാണ പറഞ്ഞു. അന്താരാഷ്ട്ര സൈനിക സഹായം ദേശീയ സുരക്ഷയ്ക്ക് ഒരിക്കലും ഭീഷണിയാകില്ല. താത്കാലിക സംവിധാനം എന്ന നിലയിലാണ് ഇപ്പോള്‍ നേപ്പാള്‍ വ്യോമപാത ഇന്ത്യന്‍ സൈന്യത്തിനു തുറന്നു കൊടുത്തിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതോടെ ഈ അനുവാദം പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാളില്‍ ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹായവുമായി ഇന്ത്യന്‍ സേന നേപ്പാളില്‍ എത്തിയെന്നു നേപ്പാള്‍ സൈനിക ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ നേപ്പാള്‍ സൈന്യത്തിനു പോലും സാധിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദുരിതാശ്വാസ സഹായം ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

നേപ്പാളില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഏഴായിരം പേരാണു മരിച്ചത്.

Top