നേപ്പാളില്‍ തകര്‍ന്നത് ചൈനയുടെ സ്വപ്നം; കരുത്ത് തെളിയിച്ചും അഭിമാനമായും ഇന്ത്യ

കാഠ്മണ്ഡു: പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ ജീവന്‍ പണയംവച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഞെട്ടിയത് ചൈന.

ദുരന്ത മുഖത്ത് ഇറങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്ന ചൈനയുടെ നീക്കങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ എറിഞ്ഞാണ് ഇന്ത്യന്‍ സൈന്യം നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

ഭൂമി കുലുക്കത്തില്‍ നേപ്പാള്‍ തകര്‍ന്നടിയുന്ന വിവരം ലഭിച്ച മാത്രയില്‍ തന്നെ ഇന്ത്യ സടകുടഞ്ഞ് എണീക്കുകയായിരുന്നു. നേപ്പാള്‍ ഇഫക്ട് ഇന്ത്യയിലും പ്രതിഫലിച്ചെങ്കിലും അയല്‍ രാജ്യമായ നേപ്പാളില്‍ നിന്നുയര്‍ന്ന നിലവിളിയാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിച്ചത്.

നേപ്പാളിലെ 81 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ ദുരന്ത നിവാരണ സേനയും വ്യോമസേനയുമാണ്.

വിദേശകാര്യ -ആഭ്യന്തര വകുപ്പുകളുടെയും വിവിധ സേനാ വിഭാഗങ്ങളുടെയും ‘റോ’ അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ഉത്തരവ് നല്‍കിയത്.

വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദേവലുവുമാണ് എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

ഇന്ത്യയുടെ അപ്രതീക്ഷിതമായ ഇടപെടല്‍ നേപ്പാള്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നതെങ്കില്‍ ചൈനക്ക് അത് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയാണ്.

ഇന്ത്യ ‘വളയുക’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചൈന നേപ്പാള്‍, ശ്രീലങ്ക,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പതിവില്‍ കവിഞ്ഞ താല്‍പര്യത്തോടെയാണ് ഇടപെട്ടു പോന്നിരുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭൂട്ടാനെ മാത്രമാണ് ചൈനക്ക് ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയാതിരുന്നത്.

ശ്രീലങ്കയിലെ ഭരണമാറ്റത്തോടെ ചൈനയുടെ സുഹൃത്ത് രാജപക്‌സെ പുറത്തായത് ശ്രീലങ്കയുമായുള്ള ചൈനയുടെ ബന്ധത്തില്‍ വിള്ളലും വീഴ്ത്തിയിരുന്നു.

രാജപക്‌സയെ താഴെ ഇറക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ യെ ഉപയോഗപ്പെടുത്തി ഇന്ത്യ നടത്തിയ നീക്കങ്ങളാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ചൈനയുടെ വിലയിരുത്തല്‍.

പുതിയ ശ്രീലങ്കന്‍ ഭരണകൂടവുമായി ഇന്ത്യ ഹോട്ട് ലൈന്‍ സ്ഥാപിച്ചത് ചൈനീസ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കെയാണ് ഓര്‍ക്കാപ്പുറത്ത് നേപ്പാളില്‍ ഭൂകമ്പമുണ്ടായത്.

അധികാരം തോക്കിന്‍ കുഴലിലൂടെയെന്ന പ്രഖ്യാപിത നയം മാറ്റി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായ നേപ്പാളിലെ മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ ചൈനക്ക് നേപ്പാളില്‍ ഉണ്ടായിരുന്ന സ്വാധീനമാണ് ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ ഇപ്പോള്‍ പാളുന്നത്.

ഭൂകമ്പക്കെടുതിയില്‍ നിന്ന് നേപ്പാളിന് സാന്ത്വനമേകുക എന്നതിനപ്പുറം നവ നേപ്പാള്‍ കെട്ടിപ്പടുക്കാന്‍ സജീവ പങ്കാളിത്തം വഹിക്കുക എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്.

ചൈനയുടെ മാവോയിസ്റ്റ് സ്വാധീനത്തെ നേപ്പാളിലെ മതപരവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ ചായ്‌വിനെ മുതലെടുത്ത് പ്രതിരോധിക്കുക എന്നതാണ് ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിനെ ഇന്ത്യയോട് അടുപ്പിച്ച് നിര്‍ത്തണമെന്ന അജണ്ട കൂടി ഉള്ളതിനാല്‍ പ്രധാനമനന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി സര്‍ക്കാരിനും നേപ്പാളിനെ നിലനിര്‍ത്തേണ്ടതും സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടതും ചരിത്രപരമായ കടമകൂടിയാണ്.

Top