നേപ്പാളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് 5000ത്തിലധികം പേര്‍

നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍. ഏറ്റെടുക്കാനാകാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. ദുരന്തത്തില്‍ ഇതുവരെ 6250 പേര്‍ മരിച്ചു.

ദുരിതാശ്വാസക്യാമ്പിലടക്കം പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായാണ് അധികൃതര്‍ അറിയിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്‍കൂനകള്‍ക്കിടയിലും പെട്ടുപോയവരുടെ ജീവനറ്റ ശരീരം പോലും പുറത്തെടുക്കാനാകാതെ പല പ്രദേശങ്ങളും നേപ്പാളിലുണ്ട്. ഇതുകൂടി കണ്ടെത്തുന്നതോടെ മരണസംഖ്യ 15000 കവിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കണ്ടെടുത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു തുടങ്ങി.

സ്വദേശികളും വിദേശികളുമടക്കം നിരവധി പേരെ കാണാതായതായിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ള 1000 പേരെ കാണാതായതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഫ്രാന്‍സില്‍ നിന്നും സ്‌പെയിനില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പര്‍വതാരോഹകരടക്കമുള്ളവരെ കാണാതായിട്ടുണ്ട്. വ്യക്തമായ കണക്ക് ഇതുവരെയും പുറത്തുവന്നിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ 90 ശതമാനവും തകര്‍ന്നതായാണ് റെഡ്‌ക്രോസ് ഇന്നലെ അറിയിച്ചത്.

Top