നേപ്പാളിലെ ഭൂകമ്പത്തില്‍ ഇന്ത്യയിലെ ഭാഗങ്ങളും തെന്നിമാറി

വാഷിങ്ടണ്‍: അയല്‍രാജ്യമായ നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില ഭാഗങ്ങളും തെന്നിനീങ്ങിയതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് ഇന്ത്യന്‍ മേഖലയിലെ ഭൂപ്രദേശം ഒരു അടി മുതല്‍ 10 അടിവരെ വടക്കോട്ട് നേപ്പാളിന് അടിയിലേക്ക് നീങ്ങിയതായി യു.എസ് ശാസ്ത്രജ്ഞന്‍.

കാഠ്മണ്ഡു, പൊഖാറ എന്നീ നഗരങ്ങളടങ്ങിയ മേഖലയില്‍ 1000 മുതല്‍ 2000 ചതുരശ്ര മൈല്‍ പ്രദേശം ഒരു ദിശയിലേക്കും ഏകദേശം ഹിമാലയ കൊടുമുടി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭാഗം എതിര്‍വശത്തേക്കും നീങ്ങിയിരിക്കാമെന്ന് കൊളംബിയ സര്‍വകലാശാലയിലെ ലാമണ്ട്‌ദൊഹെര്‍ട്ടി എര്‍ത്ത് ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനായ കോളിന്‍ സ്റ്റാര്‍കര്‍ പറയുന്നു.

ബിഹാറില്‍ ഭരത്പൂര്‍ മുതല്‍ ജനക്പൂര്‍ വരെയുള്ള ഭൂവല്‍ക്കഭാഗം നേപ്പാളിനു കീഴിലേക്ക് തെന്നിനീങ്ങിയിട്ടുണ്ടാകാമെന്ന് സ്റ്റാര്‍ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വടക്കേ ഇന്ത്യ മുഴുവനും വടക്ക് നേപ്പാളിന്റെ ഭാഗത്തേക്ക് നീങ്ങുകയാണ്. ആകസ്മികമായുണ്ടാകുന്ന ഈ ചലനങ്ങള്‍ വ്യത്യസ്ത രീതികളില്‍ വ്യത്യസ്ത സമയങ്ങളിലാണ് സംഭവിക്കാറുള്ളത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവനും നേപ്പാളിനും തിബത്തിനും അടിയിലേക്ക് വര്‍ഷത്തില്‍ 1.8 ഇഞ്ചോളം നീങ്ങുകയാണെന്ന് സ്റ്റാര്‍ക് നേരത്തേ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു.

Top