നേതൃമാറ്റം: കോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍ തുറന്ന പോരിലേക്ക്‌; സുധീരന് സാധ്യത തെളിയുന്നു

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി എ-ഐ ഗ്രൂപ്പുകളില്‍ തമ്മിലടി രൂക്ഷമായിരിക്കെ ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയായി വി.എം സുധീരന്‍ രംഗത്തിറങ്ങാനുള്ള സാധ്യത തെളിയുന്നു.

സോളാര്‍-ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയില്‍ ഉടച്ച് വാര്‍ക്കല്‍ നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തല്‍ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

ഐ വിഭാഗം നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പെടുത്തി ശക്തമായ സമ്മര്‍ദ്ദം തുടരുകയാണ്.

വിവാദങ്ങള്‍ മറികടക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോയി പ്രതിച്ഛായ വര്‍ധിപ്പിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കം രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നത്തിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് നീക്കം ശക്തമാക്കിയിരിക്കുന്നത്.

പൊതു തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇപ്പോള്‍ നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടിയോ സുധീരനോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന ആശങ്കയിലാണ് ഐ ഗ്രൂപ്പ്.

സോളാര്‍-ബാര്‍കോഴ വിവാദത്തിലെ ‘യഥാര്‍ത്ഥ’ വസ്തുത ഇതിനകം തന്നെ ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്. പൊതു സമൂഹത്തിനിടയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രതിച്ഛായ മോശമായതിനാല്‍ നേതൃമാറ്റം ഉടനെ വേണമെന്നതാണ് ആവശ്യം.

വരുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഭരണ സ്വാധീനത്തിന്റെ പിന്‍ബലത്താല്‍ യുഡിഎഫിന് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് മുഖ്യമന്ത്രിക്ക് കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിധി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് മുന്‍പ് ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലടക്കം തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നിര്‍ണായകമായി കാണുന്നത്.

പൊലീസ് ഭരണത്തിന്റെ സ്വാധീനമുപയോഗിച്ചാണ് ഐ ഗ്രൂപ്പ് വിലപേശല്‍ നടത്തുന്നതെന്ന വികാരമാണ് എ ഗ്രൂപ്പിനുള്ളത്.

ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ മൊഴിപ്രകാരം കെ ബാബുവിനെതിരെ കേസെടുക്കുകയാണെങ്കില്‍ മന്ത്രി ശിവകുമാറിനെതിരെയും നടപടി വേണ്ടിവരുമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ വിജിലന്‍സ് പിടിമുറുക്കുകയാണെങ്കില്‍ വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലക്ക് കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ പണം നല്‍കിയതായ ആരോപണത്തിലും അന്വേഷണം വേണമെന്നും വിജിലന്‍സ് വകുപ്പ് ചെന്നിത്തല ഒഴിയണമെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.

കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ ചെന്നിത്തല എംഎല്‍എ ആയിരുന്നു എന്നതിനാല്‍ അന്വേഷണം നടത്താന്‍ തടസമില്ലെന്നാണ് വാദം.

‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ’പോലെ എ-ഐ ഗ്രൂപ്പ് തര്‍ക്കത്തിനിടയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.എം സുധീരന്‍ മാറിയേക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.

ബാര്‍ വിവാദത്തില്‍ സുധീരനെ പിന്‍തുണച്ച് സാംസ്‌കാരിക-മത നേതൃത്വങ്ങളും പൊതു സമൂഹവും രംഗത്ത് വന്നത് മുന്‍നിര്‍ത്തി സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ആന്റണിയുടെ ഇടപെടലോടെ സുധീരന്‍ തന്നെ നായകനാവാനാണ് കൂടുതല്‍ സാധ്യത.

സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും അടുത്ത് ബന്ധമുള്ള സുധീരന്റെ ഇമേജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന കണക്കുകൂട്ടല്‍ മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുമുണ്ട്.

Top