നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഇന്ത്യക്ക് കൈമാറാന്‍ തയാറാണെന്ന് റഷ്യ

മോസ്‌കോ: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകള്‍ ഇന്ത്യക്ക് കൈമാറാന്‍ തയാറാണെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ് നേതാജിയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കൈമാറാന്‍ തയാറാണെന്ന് അറിയിച്ചത്.

റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയുടെ ആവശ്യപ്രകാരമുള്ള രേഖകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം കൈമാറുമെന്ന് ലാവ്‌റോവ് പറഞ്ഞു.

ഏഴു പതിറ്റാണ്ടായി തുടരുന്ന നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

നേതാജിയുടെ കുടുംബത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ കൈവശമുള്ള രഹസ്യരേഖകള്‍ അടുത്ത വര്‍ഷം ജനുവരി 23 മുതല്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു.

Top