നൂറ്റാണ്ടിന്റെ ബോക്‌സിങ് പോരാട്ടം ഇന്ന്; വിജയിയെകാത്ത് 200 ദശലക്ഷം ഡോളര്‍

ലാസ്‌വെഗാസ്: ലോകത്താകമാനമുള്ള ബോക്‌സിങ് പ്രേമികള്‍ കാത്തിരുന്ന ‘നൂറ്റാണ്ടിലെ പോരാട്ടം’ഇന്ന്. അമേരിക്കക്കാരന്‍ ഫ്‌ളോയ്ഡ് മെയ്വെറും ഫിലിപ്പീന്‍കാരന്‍ മാനി പാക്വിയാവോയും വെട്ടര്‍വെയ്റ്റ് കിരീടത്തിനായി റിങ്ങില്‍ കണ്ടുമുട്ടാന്‍ ഒരുങ്ങുമ്പോള്‍, ആ ഏറ്റുമുട്ടലിന് പലമാനങ്ങള്‍ കല്‍പിച്ച് നല്‍കാനുള്ള തിരക്കിലാണ് ഇരുഭാഗത്തുമുള്ള ആരാധകലക്ഷങ്ങള്‍.

തന്റെ മതവിശ്വാസം മുറുകെപ്പിടിച്ച് ദൈവത്തെ മഹത്വവത്കരിക്കാനും ദുര്‍ബലര്‍ക്ക് പ്രചോദനമാകാനുമാണ് താന്‍ ഈ പോരാട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുകയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന പാക്വിയാവോ ഒരുവശത്ത് നില്‍ക്കുമ്പോള്‍, മുന്‍ കാമുകിയെ അവരുടെ കുട്ടികളുടെ മുന്നില്‍ തല്ലിച്ചതച്ച് രണ്ടുമാസം ജയിലില്‍ കിടക്കുകയും തന്റെ സമ്പാദ്യത്തിന് മേല്‍ അഭിരമിക്കുകയും ചെയ്യുന്നയാളാണ് മെയ്വെര്‍.

ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലാണ് ലോക ബോക്‌സിങ്ങിലെ ‘ഗജവീരന്മാരുടെ’ ഏറ്റുമുട്ടല്‍. ബോക്‌സിങ് ലോകത്ത് ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും പണക്കൊഴുപ്പേറിയ പോരാട്ടമാണത്. 200 ദശലക്ഷം ഡോളറാണ് സമ്മാനത്തുക.

470 എന്ന വിജയമാര്‍ജിനില്‍ നില്‍ക്കുന്ന അഞ്ച് വെയ്റ്റ് ഡിവിഷനുകളില്‍ ചാമ്പ്യനായ മെയ്വെര്‍, റോക്കി മാര്‍സിയാനോയുടെ 490 എന്ന അജയ്യ റെക്കോഡാണ് ലക്ഷ്യമിടുന്നത്. എട്ട് വെയ്റ്റ് ഡിവിഷനുകളില്‍ ചാമ്പ്യനായ ഒരേ ഒരു താരമാണ് പാക്വിയാവോ. അഞ്ചുവര്‍ഷമായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ തലമുറയിലെ ഒന്നാം നിര ബോക്‌സര്‍മാരായ ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്.

Top