നൂതന ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് വെബ് പതിപ്പ്

ഒട്ടെറെ നൂതന ഫീച്ചറുകളുമായി ഓട്ട്‌ലുക്ക് വെബ് ആപ്പ് എത്തുന്നു. അടിമുടി പരിഷ്‌കാരങ്ങള്‍ നടത്തിയാണ് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് വെബ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഔട്ട്‌ലുക്ക് ഉപയോക്താക്കളുടെ പ്രവര്‍ത്തനക്ഷമതയ്ക്കു കോട്ടം തട്ടാതെ കലണ്ടര്‍, ഇമെയില്‍ എന്നിവ അനായാസം ഉപയോഗിക്കാനാകുന്ന തരത്തിലാണ് പുതിയ ഔട്ട്‌ലുക്ക് പതിപ്പിന്റെ രൂപകല്‍പന.

പുതിയതായി നല്‍കിയിരിക്കുന്ന ഫീച്ചറുകളില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് ആക്ഷന്‍ ടൂള്‍ബാര്. ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്ന കമാന്‍ഡുകളിലേക്ക് പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്ന ഈ ടൂള്‍ എളുപ്പത്തില്‍ ഔട്ട്‌ലുക്ക് ഇമെയിലുകള്‍ വായിക്കുവാന്‍ സഹായിക്കുന്നു.

സ്വീപ് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍. ന്യൂസ് ലെറ്റര്‍, കൂപ്പണ്‍, പ്രൊമോഷണല്‍ മെയിലുകള്‍ എന്നിങ്ങനെ സ്ഥിരമായി ലഭിക്കുന്ന ഇമെയിലുകളെയും അവ അയയ്ക്കുന്ന ഇമെയിലുകളെയും തരംതിരിക്കുന്ന ഈ ഫീച്ചര്‍ ഇത്തരം മെയിലുകള്‍ കൈകാര്യം ചെയ്യുന്നത് അനായാസമാക്കുന്നു. ഇതിനു പുറമെ ഒരു മെയിലില്‍ നിന്നും ലഭിക്കുന്ന എല്ലാ മെയിലുകളും തെരഞ്ഞെടുത്ത് എളുപ്പത്തില്‍ ഈ ഫീച്ചറുപയോഗിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും.

വിഷ്വല്‍ എഡിറ്ററിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇമോജി ക്യാരക്ടര്‍ ഇമെയില്‍ സന്ദേശങ്ങളില്‍ നല്‍കുന്നതിനും, ഇമെയില്‍ സന്ദേശത്തിന്റെ വരികള്‍ക്കിടയില്‍ ചിത്രങ്ങള്‍ നല്‍കി മെയില്‍ അയയ്ക്കുവാനും പുതിയ ഔട്ട്‌ലുക്ക് വെബ് വേര്‍ഷനില്‍ സാധിക്കും. വായന അനായാസമാക്കുന്നതിനു സിംഗിള്‍ ലൈന്‍ വ്യൂ, എളുപ്പത്തില്‍ മീറ്റിങ്ങുകള്‍ കലണ്ടറില്‍ ക്രമീകരിക്കുന്നതിന് പുതിയ ബട്ടണ്‍ എന്നിവയും നല്‍കിയിരിക്കുന്നു.

എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ പ്രോഗ്രാം വരിക്കാരായവരും, മൈക്രോസോഫ്റ്റ് ഫസ്റ്റ് റിലീസ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുള്ള ഓഫീസ് 365 ഉപയോക്താക്കള്‍ക്കു മാത്രമാണ് പുതിയ ഔട്ട്‌ലുക്ക് വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാകുക. ഈ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കു പുതിയ ഫീച്ചറുകള്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ മാത്രമേ ലഭ്യമാകൂ.

Top