നീതിപീഠം പിടിമുറുക്കിയപ്പോള്‍ മാണി പുറത്തേക്ക് ; രാഷ്ട്രീയ ഭാവി ഇരുളടയും ?

കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സ്റ്റേ നല്‍കാതെ വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ഹൈക്കോടതി നിലപാട് മന്ത്രി കെ.എം മാണിക്ക് ഇരുട്ടടിയായി.

ഇനി ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കടിച്ച് തൂങ്ങാന്‍ ശ്രമിച്ചാല്‍ അത് യുഡിഎഫിലും സ്വന്തം പാര്‍ട്ടിയിലും വന്‍ പൊട്ടിത്തെറിക്ക് കാരണമാകും.

അതേസമയം കേരള കോണ്‍ഗ്രസ് നേതൃത്വം മാണിക്ക് പിന്‍തുണ പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ നേതൃത്വം തന്നെ നിലപാട് മാറ്റി രംഗത്തെത്തുമെന്നാണ്‌ ലഭിക്കുന്ന സൂചന.

മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് മാണിക്ക് മുമ്പില്‍ ഇപ്പോഴുള്ളത്.

തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരേ വിജിലന്‍സ് നല്‍കിയ അപ്പീല്‍ പരിഗണിക്കെ, വിജിലന്‍സിനും സര്‍ക്കാരിനുമെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ അന്തിമ വിധി തിങ്കളാഴ്ചയാണ് ഉണ്ടാവുക. വിധി വരുന്നതിന് മുമ്പ് മാണി രാജിവയ്ക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

കേസ് അന്വേഷണ സമയത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാത്തതെന്തെന്ന് ചോദിച്ച കോടതി മാണിയുടെ വീട്ടിലേക്ക് കോഴകൊണ്ടുപോയത് എന്തിനെന്നും ആരാഞ്ഞു.

തുടരന്വേഷണം നടത്താമെന്ന വിധി സ്റ്റേ ചെയ്യണമെന്നാണ് കോടതിയില്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണത്തെയും ഇടപെടലിനെയും കീഴ്‌കോടതി വിമര്‍ശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വിജിലന്‍സ് അപ്പീല്‍ നല്‍കിയത്.

വിജിലന്‍സ് ഡയറക്ടര്‍ കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന വിജിലന്‍സിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദവും ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്ത കോടതി മറ്റ് ആവശ്യങ്ങളിലെ അന്തിമ വിധിയാണ് തിങ്കളാഴ്ച പുറപ്പെടുവിക്കുക.

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് തുടരന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ട് പ്രാവശ്യമായി മാണി കോഴ വാങ്ങിയതിനാണ് തെളിവുള്ളത്. 2014 മാര്‍ച്ച് 22നും ഏപ്രിലില്‍ രണ്ടിനുമായിരുന്നു കോഴയിടപാടുകളെന്നും കോടതി വ്യക്തമാക്കിയിരുന്നു.25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിനാണ് തെളിവുള്ളത്. ആദ്യ തവണ 15 ലക്ഷം രൂപയും രണ്ടാം തവണ 10 ലക്ഷം രൂപയുമാണ് വാങ്ങിയത്.

പാലായില്‍ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചിരുന്നു.ബാര്‍ കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിയ കോടതി, കേസ് ആദ്യം അന്വേഷിച്ച എസ്.പി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകുന്നതോടെ കേരള കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കെ.എം മാണിയുടെ ഭാവി അനിശ്ചിതത്വത്തിലാകും. സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇനി മാണിയുടെ നേതൃത്വം അംഗീകരിക്കുമോയെന്ന കാര്യവും സംശയമാണ്. രക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പോലും രക്ഷപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണ് വടികൊടുത്ത് വാങ്ങിയ ഈ അടി.

റിവ്യൂ പെറ്റീഷനില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് മാണിക്കും സര്‍ക്കാരിനും ഉറപ്പ് നല്‍കിയ നിയമോപദേശമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. വിജിലന്‍സ് ജയറക്ടര്‍ വിന്‍സന്‍ എം പോളിനെ സംബന്ധിച്ചും ഹൈക്കോടതി വിധി കനത്ത പ്രഹരമാണ്.

Top