കാത്തിരിപ്പിനൊടുവില്‍ ജയിലിലുള്ള മകളെ കാണാന്‍ ഷഫീഖാബീവി മാലിയിലേക്ക്

തിരുവനന്തപുരം: ജയിലിലുളള മകളെ കാണാന്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷഫീഖാബീവി ചൊവ്വാഴ്ച മാലി ദ്വീപിലേക്ക് യാത്രയാകും. ഇതിനുള്ള അനുമതി മാലി സര്‍ക്കാര്‍ ഷഫീഖാബീവിക്ക് നല്‍കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇവരെ ഇക്കാര്യം അറിയിച്ചത്. മാലി ജയിലില്‍ വിചാരണപോലുമില്ലാതെ നാലുവര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണ് റുബീന.

വര്‍ക്കല ഇടവ ഓടയത്ത് പീടികയില്‍ വടക്കേതില്‍ ബുര്‍ഹാനുദ്ദീന്റെയും ഷഫീഖാ ബീവിയുടെയും മകളാണ് റുബീന. 12നാണ് കാണാനുള്ള സമയം അവദിച്ചിരിക്കുന്നത്. 2008 ജൂലൈ 28 നായിരുന്നു റുബീനയെ മാലി സ്വദേശി ഹസ്സന്‍ ജാബിറിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാല്‍ ഭര്‍ത്താവ് മയക്കുമരുന്നിനും മറ്റും അടിമയായിരുന്നു. ഇദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധത്തെ റുബീന എതിര്‍ത്തതോടെ കുടുംബ വഴക്കായി.

അതിനിടെ ദുരൂഹ സാഹചര്യത്തില്‍ ഇവരുടെ കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിന് വിഷംകൊടുത്ത ശേഷം ഭാര്യ സ്വയം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന വ്യാജപരാതി ഹസ്സന്‍ ജാബിര്‍ പൊലീസില്‍ നല്‍കി. ഇതോടെയാണ് റുബീന ജയിലിലായത്. എന്നാല്‍, നാലര വര്‍ഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല.

മകള്‍ ജയിലിലായത് ഏറെ വൈകിയാണ് നാട്ടിലറിഞ്ഞത്. അതോടെ മകളെ രക്ഷിക്കാനായി ഷഫീഖാബീവി മുട്ടാത്ത വാതിലുകളില്ല. മാലി എംബസിക്ക് കത്തയച്ചതിനാല്‍ മകള്‍ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി ലഭിച്ചു. എല്ലാ രണ്ടാമത്തെ ഞായറാഴ്ചയും മൂന്നുമിനിറ്റ് സംസാരിക്കും. പലപ്പോഴും ഒന്നും പറയാനാകില്ല. മാലിയിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കോഴിക്കോട് സ്വദേശി ജയചന്ദ്രന്‍ മൊകേരിയാണ് റുബീനയുടെ കഥ ജനങ്ങളെ അറിയിച്ചത്. ഇദ്ദേഹം ജയിലില്‍വച്ച് റുബീനയുമായി രണ്ട് തവണ സംസാരിച്ചിരുന്നു. ഇതോടെ റുബീനയ്ക്ക് നീതി ലഭിക്കാനായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയും രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ ഇടപെടലിന്റെ ഫലംകൂടിയാണ് ഷഫീഖാബീവിക്ക് മകളെ കാണാന്‍ അനുമതി ലഭിച്ചത്.

വിമാന ടിക്കറ്റും താമസ ചെലവും മാലിയിലെ ഇന്ത്യന്‍ ക്ലബ്ബാകും വഹിക്കുക. ഇവര്‍ക്കു പുറമെ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ് മുഷ്താഖ്, ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാരയണ്‍കുമാര്‍ എന്നിവര്‍ക്കും റുബീനയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Top