നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു

കൊല്‍ക്കത്ത: മുപ്പത്തിയെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും.

അടുത്ത മാസം 11ന് കൊല്‍ക്കത്തയിലാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെ ആദ്യമെത്തുന്നത്.

1977ല്‍ മോഹന്‍ബഗാനുമായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്ക് കോസ്‌മോ ക്ലബിനൊപ്പമാണ് പെലെ ഇതിന് മുമ്പ് കൊല്‍ക്കത്തയിലെത്തിയത്.

ഇതിന് ശേഷം ഒക്ടോബര്‍ പതിനാറിന് ദില്ലി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സുബ്രതോ കപ്പിന്റെ ഫൈനല്‍ മത്സരത്തിന് കാണാനെത്തുന്ന പെലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തും. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും ഇക്കുറി സുബ്രോത കപ്പ് ടൂര്‍ണമെന്റിനെത്തുന്നുണ്ട്..

ഇന്ത്യ തനിക്ക് പ്രിയപ്പെട്ട രാജ്യമാണെന്നും താന്‍ ഏറെ ആവേശത്തിലാണെന്നും പെലെ പറഞ്ഞു. പതിനാല് വയസിന് താഴെയുള്ളവരുടെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണുന്നതിന് ബ്രസീല്‍ മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസുമെത്തുന്നുണ്ട്.

Top