നിസ്സാന്റെ മള്‍ട്ടി പര്‍പ്പസ് വെഹിക്കള്‍ ഇവാലിയ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു

വിവിധോദ്ദേശ്യ വാഹന(എംപിവി) വിപണിയിലേക്ക് നിസ്സാന്‍ മോട്ടോര്‍ എത്തിച്ച് ‘ഇവാലിയ’യുടെ ഇന്ത്യയിലെ നിര്‍മാണം തല്‍ക്കാലത്തേക്കു നിര്‍ത്തി. വിദേശ രാജ്യങ്ങളില്‍ ‘എന്‍ വി 200’ എന്ന പേരില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഇവാലിയയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതാണ് ഇന്ത്യയില്‍ തിരിച്ചടിയായത്.

2012 ഒക്ടോബറില്‍ എം പി വി വിഭാഗത്തില്‍ ടൊയോട്ട ഇന്നോവയോടും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സൈലോയോടുമൊക്കെ മത്സരിക്കാനായി നിരത്തിലെത്തിയ ഇവാലിയക്ക് ഇതുവരെ വെരും 2,412 യൂണിറ്റിന്റെ വില്‍പ്പനയാണ് കൈവരിക്കാനായത്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇവാലിയ സ്വീകാര്യമാവാതെ പോയത് പരമ്പരാഗതമല്ലാത്ത ശൈലിയിലുള്ള രൂപകല്‍പ്പനയാവാമെന്നാണ് നിസ്സാന്റെ വിലയിരുത്തല്‍. നിലവിലുള്ള വാഹനങ്ങള്‍ വിറ്റഴിയുകയും വിപണിയില്‍ ഇവാലിയയ്ക്ക് ഇടമുണ്ടെന്നു ബോധ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍മാത്രമാവും എം പി വി ഉല്‍പ്പാദനം പുനഃരാരംഭിക്കുകയെന്നാണു നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ നല്‍കുന്ന സൂചന.

ഇവാലിയയുടെ ബാഡ്ജ് എന്‍ജിനീയറിങ് വകഭേദമായ സ്‌റ്റൈലിന്റെ പ്രകടനവും ദയനീയമായിരുന്നു. നിസ്സാനുമായുള്ള സംയുക്ത സംരംഭം വഴി ഹിന്ദൂജ ഗ്രൂപ്പില്‍പെട്ട അശോക് ലേയ്‌ലന്‍ഡ് 2013 ഒക്ടോബറില്‍ വിപണിയിലെത്തിച്ച സ്‌റ്റൈല്‍ കൈവരിച്ച മൊത്തം വില്‍പ്പന വെറും 1,154 യൂണിറ്റായിരുന്നു. ഇതോടെ എം പി വി വിപണിയില്‍ നിന്നു പിന്‍മാറാന്‍ തന്നെ കമ്പനി തീരുമാനിച്ചു; സ്‌റ്റൈലിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുകയും ചെയ്തു.

വിപണിയില്‍ സ്‌റ്റൈലിനു പ്രതീക്ഷിച്ച വില്‍പ്പന ലഭിച്ചില്ലെന്ന് അംഗീകരിച്ച അശോക് ലേയ്‌ലന്‍ഡ് പക്ഷേ സ്ഥിതിഗതി മെച്ചപ്പെട്ടാല്‍ ഭാവിയില്‍ ഈ വിഭാഗത്തില്‍ തിരിച്ചു വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top