മാവോയിസ്റ്റ് അജണ്ടയില്‍ നില്‍പ്പു സമരവും അട്ടപ്പാടിയും; ഇന്റലിജന്‍സ് മുന്നറിയിപ്പ്…

പാലക്കട്: കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെട്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങി കേരളം.

തമിഴ്‌നാട്- കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധസേനയുടെ സഹായത്തോടെ സംസ്ഥാനത്തെ വന പ്രദേശങ്ങളിലുള്‍പ്പെടെ വ്യാപകമായി തിരച്ചില്‍ നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. നിലവില്‍ നക്‌സല്‍ വിരുദ്ധ വേട്ടയ്ക്ക് രൂപികരിച്ച സംസ്ഥാന പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് സംഘങ്ങളെ കൊണ്ട് മാത്രം മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ കഴിയില്ലെന്ന് കണ്ടാണ് പുതിയ നീക്കം.

ആദിവാസികള്‍ അഭിമുഖികരിക്കുന്ന ഭൂപ്രശ്‌നം, അട്ടപ്പാടിയിലെ നവജാത ശിശു മരണം, റിസോര്‍ട്ട് മഫിയകളുടെ കയ്യേറ്റം,പരിസ്ഥിതി മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫിസ് അടിച്ച് തകര്‍ത്തത് മാവോയിസ്റ്റ് അനുകൂലികള്‍ തന്നെയാണെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അക്രമത്തിന്റെ ഉത്തരവാദിത്ത്വം ആദ്യം ഏറ്റെടുത്ത് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മറ്റി രംഗത്ത് വന്നപ്പോള്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ ബസ്തര്‍ മേഖല കമാണ്ടര്‍ അത് നിഷേധിച്ചത് മാവോയിസ്റ്റ് നേതൃത്വത്തിലെ ആശയകുഴപ്പം കൊണ്ടാണെന്ന നിലപാടിലാണ് പൊലീസ്.

വയനാട് തിരുനെല്ലി റിസോര്‍ട്ടിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷം സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രാദേശികമായി നടക്കുന്ന സമരങ്ങള്‍ മറ്റ് ഘടകങ്ങള്‍ അറിയണമെന്നില്ലെന്ന് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലും അന്തിമ സ്ഥിരീകരണമായിട്ടുണ്ട്.

വയനാട്ടില്‍ മുന്‍പ് വെടിവെയ്പില്‍ കലാശിച്ച മുത്തങ്ങ സമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി വരുന്ന നില്‍പ്പു സമരത്തിലും മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന അട്ടപ്പാടി ശിശുമരണം, നില്‍പ്പുസമര വിഷയങ്ങളില്‍ കൂടി മാവോയിസ്റ്റുകള്‍ ഇടപെടുന്നത് സംസ്ഥാന പൊലീസിന് തിരിച്ചടിയാകുമെന്നതിനാല്‍ ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനം ഉടന്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിന് ഉള്ളത്.

പഴയകാല നക്‌സലൈറ്റുകള്‍, പോരാട്ടം തുടങ്ങിയ തീവ്ര ഇടത് സംഘടനകളിലെ പ്രവര്‍ത്തകരും ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലണെങ്കിലും സംസ്ഥാനത്ത് നടന്ന രണ്ട് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പറ്റാത്തത് സംസ്ഥാന പൊലീസിന് വെല്ലുവിളി ആയിരിക്കുകയാണ്.

ഈ ഒരു സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് അയല്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സേനയുടെ സഹായം മാവോയിസ്റ്റ് വേട്ടയ്ക്ക് കേരളം തേടുന്നത്.

Top