നിലമ്പൂര്‍ വിഭാഗീയത;സ്വരാജിന്റെ സമവായം പൊളിച്ചത് സിപിഎം കേന്ദ്രകമ്മിറ്റി അംഗം

മലപ്പുറം: തെരഞ്ഞെടുപ്പില്‍ സി.പി.എം വിമതരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാനുള്ള സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജിന്റെ അനുരഞ്ജന നീക്കം പൊളിച്ചത് കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെന്ന് നിലമ്പൂരിലെ സിപിഎം വിമതരുടെ ജനകീയ കൂട്ടായ്മയുടെ വെളിപ്പെടുത്തല്‍.

എ. വിജയരാഘവന്‍ മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ അന്തകനാണെന്ന് ജനകീയ കൂട്ടായ്മ ജനറല്‍ സെക്രട്ടറിയും സിപിഎം കൗണ്‍സിലറുമായിരുന്ന പി.എം ബഷീര്‍ ആരോപിച്ചു. സിപിഎം ഏരിയാ കമ്മിറ്റിയുടെ റാലിയില്‍ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തിയവരെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി വിരുദ്ധര്‍ക്ക് മാപ്പില്ലെന്നുമുള്ള വിജയരാഘവന്റെ പ്രസംഗമാണ് വിമതരെ ചൊടിപ്പിച്ചത്.

ഇതോടെ പാര്‍ട്ടി ഒന്നിച്ചുപോകാനുള്ള തീരുമാനത്തിന് വിലങ്ങുതടിയായി നിന്നത് കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് വെളിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു.

പത്ത് ദിവസം മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ചുങ്കത്തറയില്‍ വിളിച്ച അനുരഞ്ജന യോഗത്തില്‍ യോജിച്ചുപോകാനുള്ള നിര്‍ദ്ദേശം വിമതപക്ഷം മുന്നോട്ടുവെച്ചിരുന്നു. ഏകപക്ഷീയ അച്ചടക്ക നടപടിക്കെതിരെ നിലമ്പൂരിലെ 87 പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയുടെ അച്ചടക്കനടപടികള്‍ മരവിപ്പിക്കുക, പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുക, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി നടപടികള്‍ എല്ലാവരും അംഗീകരിക്കുക എന്ന നിര്‍ദ്ദേശമാണ് വിമതര്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍ ഇതിന് എതിരുനിന്നതും തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുപോകാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെന്നാണ് വിമതര്‍ ആരോപിക്കുന്നത്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാനല്ല ഒന്നോ, രണ്ടോ കളങ്കിത വ്യക്തികളെ സംരക്ഷിക്കാന്‍ നിലമ്പൂരിലെ പാര്‍ട്ടിയെ തന്നെ കുരുതികൊടുക്കുകയാണെന്നും കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒഞ്ചിയത്തിനു ശേഷം പരമാവധി വിട്ടുവീഴ്ചചെയ്ത് വിമതരായ പാര്‍ട്ടി പ്രവര്‍ത്തകരെ സഹകരിപ്പിക്കുക എന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്. ഷൊര്‍ണൂരില്‍ എം.ആര്‍ മുരളിയെയും മുന്‍ എം.പി ശിവരാമന്‍ അടക്കം നിരവധിപേരെ സംസ്ഥാനത്തുടനീളം പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിലമ്പൂരില്‍ മൂന്ന് കൗണ്‍സിലര്‍മാരും നിരവധി ബ്രാഞ്ച് കമ്മിറ്റികളുടെ പിന്തുണയുമുള്ള വിമതരെ അനുനയിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറികൂടിയായ സ്വരാജ് ചര്‍ച്ച നടത്തിയത്.

മങ്കടയിലെ സിപിഎം എംഎല്‍എ ആയിരുന്ന മഞ്ഞളാംകുഴി അലി മുസ്ലീം ലീഗില്‍ പോകാനിടയാക്കിയത് വിജയരാഘവനാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. അലിയെ കീടമെന്നു വിളിച്ച വിജയരാഘവന്റെ നടപടിയും വിവാദമായിരുന്നു.

സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന അലി സിപിഎമ്മിലെ വി. ശശികുമാറിനെതിരെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മത്സരിച്ചാണ് വിജയക്കൊടി നാട്ടിയത്. അലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മങ്കടയില്‍ ലീഗിന് വിജയിക്കാന്‍ കഴിഞ്ഞത്.

കേവലം നാല് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണ യുഡിഎഫ് സംസ്ഥാന ഭരണം നേടിയത്. അലിയെ പിണക്കിയില്ലായിരുന്നെങ്കില്‍ ഭരണം നഷ്ടമാകില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിനുണ്ട്.

2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 838 വോട്ടിന് സിപിഎം തലനാരിഴക്ക് പരാജയപ്പെട്ട കോഴിക്കോട്ട് മണ്ഡലം സിപിഎമ്മിന് വേണ്ടി തിരിച്ചുപിടിക്കാന്‍ എ. വിജയരാഘവനെ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ 16883 വോട്ടിന്റെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 2014 ഡിസംബറില്‍ നടന്ന സിപിഎം നിലമ്പൂര്‍ ഏരിയാ സമ്മേളനത്തോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത പൊട്ടിത്തെറിയില്‍ കലാശിച്ചത്.

ഇപ്പോള്‍ പാര്‍ട്ടി അച്ചടക്ക നടപടിപോലും തള്ളിക്കളഞ്ഞ് വിമതപക്ഷം സിപിഎമ്മിനെതിരെ നഗരസഭയില്‍ ജനകീയ കൂട്ടായ്മ എന്ന പേരില്‍ മത്സരിക്കുകയാണ്. നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കല്ലേമ്പാടം ബ്രാഞ്ച് കമ്മിറ്റി വിമതപക്ഷത്തെ ജനകീയ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Top