സിപിഎം ഔദ്യോഗിക പക്ഷവും വിമതരും ചേരിതിരിഞ്ഞ് കുഞ്ഞാലിദിനം ആചരിച്ചു

നിലമ്പൂര്‍: ഷൊര്‍ണൂരിനും ഓഞ്ചിയത്തിനും പിന്നാലെ ഏറനാടിന്റെ രക്ത നക്ഷത്രം സഖാവ് കുഞ്ഞാലിയുടെ നിലമ്പൂരില്‍ സി.പി.എം പിളര്‍ന്നു. കുഞ്ഞാലിയുടെ രക്തസാക്ഷി ദിനത്തില്‍ സി.പി.എം ഔദ്യോഗിക പക്ഷവും വിമതരുടെ ജനകീയ കൂട്ടായ്മയും ചേരിതിരിഞ്ഞ് അനുസ്മരണം നടത്തി.

സി.പി.എം നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ പേരില്‍ പിരിച്ചെടുത്ത പണം വെട്ടിച്ചത്, പാര്‍ട്ടി ഓഫീസിലെ അനാശാസ്യം, മദ്യസല്‍ക്കാരം എന്നീ ഗുരുതരമായ ആരോപണങ്ങളാണ് വിമതവിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ ഉയര്‍ത്തിയത്.

മദ്യ സല്‍ക്കാരം നടത്തി ഏരിയാ സെക്രട്ടറിയായ ആളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു.

പരാതിയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എന്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചെങ്കിലും പത്തുമാസത്തോളമായി ഔദ്യോഗിക പക്ഷത്തെയും വിമത വിഭാഗത്തിലേയും നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയല്ലാതെ നടപടിയുണ്ടായിരുന്നില്ല.

വിമത പക്ഷം ജനകീയ കൂട്ടായ്മ എന്ന പേരില്‍ നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലില്‍ പ്രത്യേക പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. രണ്ടു കൗണ്‍സിലര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്. നേരത്തെ അഞ്ചു കൗണ്‍സിലര്‍മാരായിരുന്നു.

വിമതപക്ഷത്തെ നടപടി ഭീഷണി മുഴക്കി ഇവരില്‍ മൂന്നുപേരെയും ഔദ്യോഗികപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. പരാതി നല്‍കി മാസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക, വിമത പക്ഷങ്ങളിലെ ഓരോരുത്തര്‍ക്കെതിരെ മാത്രം നടപടിയെടുത്തിരുന്നത്.

മൂന്നു തവണ നിലമ്പൂര്‍ എരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും മുന്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ പി.ടി ഉമ്മറിനെ കാളികാവ് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റ് സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്ന വിമത പക്ഷത്തെ പി.എം ബഷീറിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇരുപക്ഷവും നടപടിക്കെതിരെ ശക്തമായി രംഗത്തെത്തുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. നിലമ്പൂരില്‍ അണികളും പ്രവര്‍ത്തകരും വിമതപക്ഷത്തെ ജനകീയ കൂട്ടായ്മക്കൊപ്പമാണ്. രണ്ടു കൗണ്‍സിലര്‍മാര്‍, ആറു ബ്രാഞ്ച് സെക്രട്ടറിമാര്‍, മൂന്നു ലോക്കല്‍ കമ്മിറ്റി, അംഗങ്ങള്‍ 47 പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ വിമതരുടെ ജനകീയ കൂട്ടായ്മക്കൊപ്പമാണ്.

‘നിലമ്പൂരിലെ ജനകീയ കൂട്ടായ്മ എന്തുകൊണ്ട് ‘ എന്നു വിശദീകരിച്ച് വിമതപക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്കുമാത്രം നല്‍കിയ കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അഴിമതിയും മദ്യസല്‍ക്കാരവും അനാശാസ്യവും വര്‍ഗീയ പ്രീണനവും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. ഇതിനു മറുപടി നല്‍കാനാവാതെ കുഴങ്ങുകയാണ് സി.പി.എം നേതൃത്വം.

വിമതരെ അനുമയിപ്പിക്കാന്‍ കുഞ്ഞാലി അനുസ്മരണം ഒന്നിച്ചു നടത്താന്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. വിമതപക്ഷം ചൊവ്വാഴ്ച രാവിലെ നിലമ്പൂരില്‍ കുഞ്ഞാലി അനുസ്മരണം നടത്തി. വന്‍ ജനപങ്കാളിത്തത്തോടെ പ്രഭാതഭേരി, രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ച്ചന എന്നിവ നടത്തി.

ഔദ്യാഗികപക്ഷം വൈകുന്നേരം പ്രകടനവും പൊതുയോഗവുമാണ് നടത്തുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എന്‍.എന്‍ കൃഷ്ണദാസ്, ടി.കെ ഹംസ എന്നിവരാണ് പങ്കെടുക്കുന്നത്.

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ലഭിച്ച അനുകൂല വികാരമാണ് തമ്മിലടിയിലൂടെ സി.പി.എം കളഞ്ഞുകുളിച്ചത്.

മുമ്പ് സി.പി.എം ഭരണത്തിലായിരുന്ന നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു. മുനിസിപ്പാലിറ്റിയായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് ഇപ്പോഴത്തെ നഗരസഭാ ചെയര്‍മാന്‍.

Top