നിലമ്പൂരില്‍ മാവോയിസ്റ്റ് പോരാളികള്‍ക്ക്‌ നിലമൊരുക്കി സിപിഎം

മലപ്പുറം: വിമതരെ ഒതുക്കാന്‍ നിലമ്പൂരില്‍ സിപിഎം നേതൃത്വത്തിന്റെ പിന്‍തുണയോടെ നടത്തിയ നഗരസഭാ ഭൂമികൈയേറ്റം മാവോയിസ്റ്റുകള്‍ക്ക് സമരരംഗത്തിറങ്ങാന്‍ അവസരമൊരുക്കുന്നു. ലോക്കല്‍, ഏരിയാ സമ്മേളനത്തോടെ രണ്ടു പാര്‍ട്ടികളെപ്പോലെ പോരടിച്ചു നില്‍ക്കുന്ന സിപിഎം വിഭാഗീയതയാണ് മാവോയിസ്റ്റുകള്‍ക്ക് ഗുണകരമാകുന്നത്.

നിലമ്പൂര്‍ നഗരസഭയിലെ 10 സിപിഎം കൗണ്‍സിലര്‍മാരില്‍ ആറു പേര്‍ വിമത പക്ഷത്താണ്. നാലു പേര്‍ മാത്രമാണ് ഔദ്യോഗിക പക്ഷത്തുള്ളത്. നഗരസഭയുടെ പക്കലുള്ള മുതുകാട്ടെ രണ്ടര ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണമെന്ന ആവശ്യവുമായി വിമതര്‍ ശക്തമായി രംഗത്തിറങ്ങിയിരുന്നു. ഇതിനായി നാലിന് നഗരസഭാ മാര്‍ച്ചും പ്രഖ്യാപിച്ചു. എന്നാല്‍ മുതുകാട്ടെ കൗണ്‍സിലര്‍കൂടിയായ സിപിഎം ലോക്കല്‍ സെക്രട്ടറി നഗരസഭാ ഭൂമിയില്‍ ആയുര്‍വേദ ആശുപത്രി പണിയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വിമതപക്ഷം സമരപ്രഖ്യാപനം നടത്തിയതോടെ സിപിഎം ഔദ്യോഗിക പക്ഷം പ്രതിരോധത്തിലായി.

ഇതോടെയാണ് മുതുകാട്ടെ നഗരസഭാ ഭൂമിയില്‍ ഒരു സംഘം കൈയേറി കുടില്‍കെട്ടിയത്. തങ്ങളുടെ സമരം പൊളിക്കാന്‍ സിപിഎം ഔദ്യോഗിക പക്ഷമാണ് ഇതിനു പിന്നിലെന്നാണ് വിമതര്‍ പറയുന്നത്. സിപിഎം ഔദ്യോഗിക പക്ഷം ഭൂരഹിതരായവര്‍ക്ക് ഭൂമിയും വീടും നല്‍കണമെന്നാവശ്യപ്പെട്ട് നാളെ നഗരസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈയേറ്റക്കാരെ ഒഴിപ്പിച്ച് മുതുകാട്ടെ ഭൂമി ഭൂരഹിതരായ നഗരസഭയിലെ അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട വിമത കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കാന്‍ നഗരസഭാ സെക്രട്ടറി കളക്ടര്‍ക്കും പോലീസിനും പരാതിയും നല്‍കി. ഇതോടെ ഭൂമി കൈയേറി കുടില്‍ കെട്ടിയ കുടുംബങ്ങള്‍ വെട്ടിലായിരിക്കുകയാണ്. കൈയേറ്റത്തിനു പിന്‍തുണ നല്‍കിയ സിപിഎമ്മും ഭൂമി പ്രശ്‌നം ഉയര്‍ത്തിയ വിമതരും ഇപ്പോള്‍ ഇവര്‍ക്കൊപ്പമില്ല. കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് എത്തുമ്പോള്‍ സംരക്ഷണവും പിന്‍തുണയും വാഗ്ദാനം ചെയ്ത് മാവോയിസ്റ്റ് അനുഭാവികള്‍ രംഗത്തെത്തുന്നുണ്ട്.

നിലമ്പൂര്‍ വനമേഖലയില്‍ നേരത്തെ തന്നെ സായുധ മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചതാണ്. നാലു വര്‍ഷം മുന്‍പ് നിലമ്പൂരില്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പ് മുറിച്ച് മാവോയിസ്റ്റുകള്‍ തീവണ്ടി അട്ടിമറി ശ്രമം നടത്തിയിരുന്നു. അന്ന് നിലമ്പൂരില്‍ താമസിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിലമ്പൂരിലെ ആദിവാസി കോളനികളില്‍ സായുധ മാവോയിസ്റ്റുകള്‍ എത്തിയിരുന്നെങ്കിലും അവര്‍ക്ക് അവിടെ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സിപിഎം വിഭാഗീയതയുടെ ഫലമായുള്ള ഭൂമി കൈയേറ്റത്തില്‍ ഇടപെട്ട് ജനപിന്‍തുണ നേടാനുള്ള അവസരമാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. പൊലീസിനും തണ്ടര്‍ബോള്‍ട്ടിനും ഇത് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Top