നിലമ്പൂരിലെ സി.പി.എം വിമത നേതാവിന് ചന്ദ്രശേഖരന്റെ ‘വിധിയെന്ന് ‘ ഭീഷണി

നിലമ്പൂര്‍: ഏറനാട്ടില്‍ സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വം കൊണ്ട് ചുവന്ന നിലമ്പൂരില്‍, സി.പി.എം ഔദ്യോഗിക പക്ഷത്തിനെതിരെ അഴിമതി ആരോപണവും പാര്‍ട്ടി ഓഫീസില്‍ മദ്യസല്‍ക്കാരവും അനാശാസ്യവുമടക്കമുള്ള ഗുരുതര പരാതികളും ഉയര്‍ത്തിയ സി.പി.എം വിമത നേതാവിന് ടി.പി ചന്ദ്രശേഖരന്റെ വിധി വരുമെന്ന് വധഭീഷണി.

നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറും മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത യുവനേതാവ് പി.എം ബഷീറിനാണ് വധഭീഷണി.

നിലമ്പൂരില്‍ കഴിഞ്ഞ ഏരിയാ സമ്മേളനത്തോടെ പാര്‍ട്ടി രണ്ടു വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ മദ്യസല്‍ക്കാരം അനാശാസ്യം, ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ പേരില്‍ പിരിച്ചെടുത്ത പണം വെട്ടിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് വിമതര്‍ ഉന്നയിച്ചത്.

ജനകീയ കൂട്ടായ്മ എന്ന പേരില്‍ മൂന്ന് സി.പി.എം നഗരസഭാ കൗണ്‍സിലറുടെയും പാര്‍ട്ടി ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ വിമതപക്ഷം പ്രത്യേക പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിച്ചു വന്നത്.

വിമതപക്ഷം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എന്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ നിലമ്പൂര്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി.ടി ഉമ്മറിനെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു.

വിമത പക്ഷത്തെ കൗണ്‍സിലര്‍ പി.എം ബഷീറിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ബഷീറിനെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതിനിടെ വിമത വിഭാഗം ജനകീയ കൂട്ടായ്മയുടെ പേരില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു നല്‍കിയ രഹസ്യ കത്ത് പുറത്തായിരുന്നു. ഇതോടെയാണ് ഇന്റര്‍നെറ്റ് കോളില്‍ ബഷീറിന്റെ ഫോണിലേക്ക് വധഭീഷണി എത്തിയത്.

അസഭ്യം പറയുകയും ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ ഗതിയാണ് നിനക്കെന്നും പറഞ്ഞായിരുന്നു ഭീഷണി. ബഷീര്‍ ആഭ്യന്തര മന്ത്രിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ബഷീറിന്റെ പരാതിയില്‍ നിലമ്പൂര്‍ സി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒഞ്ചിയത്തും സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന് ഇതുപോലെ വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രശേഖരന്‍ ഇത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് സി.പി.എം കൊലയാളി സംഘം ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ ഇപ്പോഴും സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിലമ്പൂരിലെ മൂന്ന് വിമത സി.പി.എം കൗണ്‍സിലര്‍മാര്‍ക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top