നിറപറക്ക് ക്ലീന്‍ചിറ്റ് നല്‍കി ഹൈക്കോടതി; അനുപമക്കെതിരെ മാനനഷ്ടക്കേസും വരുന്നു

കൊച്ചി: നിറപറ കറിപൗഡറില്‍ മായം കണ്ടെത്തിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയതോടെ ചോദ്യം ചെയ്യപ്പെടുന്നത് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമയുടെ വിശ്വാസ്യതയെ.

കോടിക്കണക്കിന് രൂപ മുതല്‍മുടക്കി നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാടന്‍ കറിപൗഡര്‍ കമ്പനിയെ തകര്‍ക്കുന്നതിനായി ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇപ്പോള്‍ ഹൈക്കോടതി തന്നെ ആരോഗ്യത്തിന് ഹാനികരമായ ബാഹ്യ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഭക്ഷ്യ വകുപ്പ് കമ്മീഷണര്‍ക്കെതിരായ നിയമനടപടിയിലേക്കാണ് വഴിതുറക്കുന്നത്.

അനുപമ ഐഎഎസിനെതിരെയും നിറപറക്കെതിരെ വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും സിവിലായും ക്രിമിനലായും കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണ് നിറപറ അധികൃതര്‍.

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിലും ഫ്രൂട്ട്‌സിലും മാരകമായ കീടനാശിനികളുണ്ടെന്ന് പറഞ്ഞ് അധികാരപരിധിവിട്ട് തമിഴ്‌നാട്ടില്‍ പരിശോധന നടത്തിയ അനുപമക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് അനുപമക്ക് ഓര്‍ക്കാപുറത്തുള്ള തിരിച്ചടിയായി ഹൈക്കോടതി വിധിയും വന്നിരിക്കുന്നത്.

അനുപമയുടെ വഴിവിട്ട നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കരും നാണ്യവിളകള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ സിസിഎഫ്‌ഐയും നിയമനടപടി സ്വീകരിക്കാനിരിക്കെ നിറപറയുടെ കാര്യത്തില്‍ വന്ന ഹൈക്കോടതി വിധി ഇവരുടെ ഐഎഎസ് പദവിക്ക് തന്നെ ഭീഷണിയാവും.

ആരോഗ്യത്തിന് ഹാനികരമായ ബാഹ്യ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താത്തതിനാല്‍ നിരോധന ഉത്തരവ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആരോഗ്യത്തിന് ദേഷകരമെന്ന് കണ്ടാല്‍ മാത്രമെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ 34-ാം വകുപ്പ് പ്രകാരമുള്ള അധികാരമുപയോഗിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയു എന്ന് വ്യക്തമാക്കി.

നിറപറയുടെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയല്ല നിരോധന ഉത്തരവ്. ഭക്ഷ്യയോഗ്യമല്ലെന്ന് കാണാത്ത നിലക്ക് കമ്മീഷണറുടെ നിരോധനം അധികാര പരിധിക്ക് പുറത്താണെന്നും കോടതി പറഞ്ഞു.

നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, എന്നിവയുടെ നിര്‍മ്മാണവും സംഭരണവും വില്‍പ്പനയും വവിതരണവും നിരോധിച്ചുകൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിനെതിരെ കെകെആര്‍ ഫുഡ് പ്രൊഡക്ട്‌സ് സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ജസ്റ്റീസ് എ മുഹമ്മദ് മുസ്താഖിന്റെ സുപ്രധാന ഉത്തരവ്.

ആര്‍ക്ക് വേണ്ടിയാണ് തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം തകര്‍ക്കാന്‍ അനുപമ തയ്യാറായതെന്ന് വ്യക്തമാവാന്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെടുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നിറപറ അധികൃതര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Top